ന്യൂഡൽഹി
കിഴക്കൻ ലഡാക്കിലെ ഗോഗ്ര ഹോട്ട് സ്പ്രിങ്സ് മേഖലയിൽനിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനകളുടെ പിന്മാറ്റം പന്ത്രണ്ടോടെ പൂർത്തിയാക്കും. പ്രദേശത്തെ താൽക്കാലിക നിർമാണങ്ങളും അനുബന്ധ അടിസ്ഥാനസൗകര്യങ്ങളും പൂർണമായി പൊളിക്കാമെന്നും ഇത് പരസ്പരം പരിശോധിക്കാമെന്നും ഇരുപക്ഷവും സമ്മതിച്ചതായി വിദേശമന്ത്രാലയം വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. ഇന്ത്യയും ചൈനയുമടക്കം ഒമ്പത് രാജ്യം അംഗങ്ങളായ ഷാങ്ഹായ് കോ–-ഓപ്പറേഷൻ ഓർഗനെസേഷൻ (എസ്സിഒ) ഉച്ചകോടി 15ന് ഉസ്ബെക്കിസ്ഥാനിലെ സമർകണ്ഡിൽ ചേരാനിരിക്കെയാണിത്. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും പങ്കെടുക്കുന്നുണ്ട്.
ഇരുരാജ്യത്തിന്റെയും സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായ 2020 ജൂണിനു മുമ്പുള്ള സ്ഥിതിയിലേക്ക് പ്രദേശത്തിന്റെ ഭൗമോപരിതലത്തെ തിരിച്ചുകൊണ്ടുവരാനും ഉഭയകക്ഷി ചർച്ചകളിൽ തീരുമാനമായെന്ന് ബഗ്ചി പറഞ്ഞു. പ്രദേശത്ത് യഥാർഥ നിയന്ത്രണരേഖ (എൽഎസി) ഇരുപക്ഷവും അംഗീകരിക്കുകയും പാലിക്കുകയും ചെയ്യും. ഏകപക്ഷീയമായ മാറ്റങ്ങൾക്ക് ശ്രമിക്കില്ലെന്നും ബഗ്ചി വിശദീകരിച്ചു. സേനാ പിന്മാറ്റ നടപടികൾ വെള്ളിയാഴ്ച തുടങ്ങിയതായി ചൈനീസ് സൈന്യവും സ്ഥിരീകരിച്ചു.
കോർ കമാൻഡർ തലത്തിൽ നടന്ന 16–-ാം ഉഭയകക്ഷി ചർച്ചയുടെ അടിസ്ഥാനത്തിൽ സേനകളുടെ പിന്മാറ്റത്തിന് വ്യാഴാഴ്ചയാണ് തുടക്കംകുറിച്ചത്. അതിർത്തി മേഖലകളിൽ സമാധാനവും സാഹോദര്യവും നിലനിർത്തുകയാണ് ലക്ഷ്യമെന്നും വിദേശമന്ത്രാലയം അറിയിച്ചു. 2021 ഫെബ്രുവരിയിലും ആഗസ്തിലുമായി പാംഗോങ് തടാകം, ഗോഗ്ര എന്നിവിടങ്ങളിൽനിന്ന് സേനകൾ പിന്മാറിയിരുന്നു.