ന്യൂഡൽഹി
ഉത്തർപ്രദേശ് പൊലീസ് അറസ്റ്റുചെയ്ത് രണ്ടുവർഷത്തോളം ജയിലിലടച്ചശേഷമാണ് സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ഇടപെടലിൽ ജാമ്യം ലഭിക്കുന്നത്. കസ്റ്റഡിയിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ സിദ്ദിഖ് നേരിട്ടതായി റിപ്പോർട്ടുണ്ട്. ശുചിമുറിപോലും നിഷേധിക്കപ്പെട്ടു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ സിദ്ദിഖിനെ മഥുര ആശുപത്രിയിൽ ചങ്ങലയിൽ ബന്ധിച്ച് ചികിത്സ നൽകിയത് വലിയ വിവാദമായി. മികച്ച ചികിത്സ ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യുപി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഒരു തവണമാത്രമാണ് സിദ്ദിഖിന് പരോൾ അനുവദിച്ചത്. പരോൾ കഴിഞ്ഞ് മടങ്ങിയപ്പോഴായിരുന്നു ഉമ്മയുടെ മരണം.
ഹാഥ്രസിലേക്കുള്ള യാത്രയ്ക്കിടെ അത്തീക്കുർ റഹ്മാൻ, മസൂദ് അഹമ്മദ്, ആലം എന്നിവർക്കൊപ്പമാണ് സിദ്ദിഖിനെ അറസ്റ്റുചെയ്തത്. യുഎപിഎ അടക്കം ഗുരുതരകുറ്റങ്ങൾ ചുമത്തി കഴിഞ്ഞവർഷം മാർച്ചിൽ 5000 പേജുള്ള കുറ്റപത്രം അന്വേഷക സംഘം സമർപ്പിച്ചു. അക്കൗണ്ടിൽ അനധികൃതമായെത്തിയ 45,000 രൂപയുണ്ടെന്ന് ആരോപിച്ച് അതേവർഷം ഫെബ്രുവരിയിൽ ഇഡിയും കുറ്റപത്രം നൽകി.