ന്യൂഡൽഹി> രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയിൽ ഇന്ത്യ വീണ്ടും താഴേയ്ക്ക്. 189 രാജ്യങ്ങളുടെ പട്ടികയിൽ 132-ാം സ്ഥാനത്താണ് ഇന്ത്യ. 2020ൽ അവസാനമായി പുറത്തിറങ്ങിയ മാനവ വികസന സൂചികയിൽ 189 രാജ്യങ്ങളുടെ പട്ടികയിൽ 131-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
രാജ്യത്തെ ജനങ്ങളുടെ ആയുർദൈർഘ്യം, വിദ്യാഭ്യാസ നിലവാരം, ജിവിത നിലവാരം തുടങ്ങിയയാണ് പട്ടികയുടെ അളവുകോൽ. ഐക്യരാഷ്ട്ര സഭ ഡെവലപ്പ്മെന്റ് പ്രോഗ്രാമാണ് പട്ടിക പ്രസിദ്ധീരിക്കുന്നത്. ഇന്ത്യയുടെ മാനവ വികസന സൂചിക 2020ലെ 0.642ൽ നിന്ന് 2021ൽ 0.633 ആയി കുറഞ്ഞു.
സ്വിറ്റ്സർലൻഡ്, നോർവെ, ഐസ്ലൻഡ് എന്നിവരാണ് മാനവ വികസന സൂചികയിൽ മുന്നിൽ നിൽക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങൾ. മാനവ വികസന സൂചിക പട്ടികയിൽ ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ശ്രീലങ്ക 73ാമതും ചൈന 79ാം സ്ഥാനത്തും ബംഗ്ലാദേശ് 129ാം സ്ഥാനത്തും ഭൂട്ടാൻ 127ാമതുമാണ്. നേപ്പാൾ 143മതും മ്യാന്മർ 149ാമതുമാണ്. 161ാം സ്ഥാനത്തുള്ള പാകിസ്ഥാൻ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്.