കൊച്ചി
റെയിൽവേ സ്റ്റേഷനുകളിൽ കുറഞ്ഞനിരക്കിൽ ഭക്ഷണം നൽകുന്ന ഐആർസിടിസിയുടെ ഭക്ഷണശാലകൾ പൂട്ടുന്നു. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി 12 എണ്ണം ഒരുമാസത്തിനിടെ അടച്ചു. കന്യാകുമാരി, നാഗർകോവിൽ, തിരുവനന്തപുരം, കോട്ടയം, എറണാകുളം ജങ്ഷൻ (സൗത്ത്), ടൗൺ (നോർത്ത്), തൃശൂർ, പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിലാണ് അടച്ചത്. ഐആർസിടിസിയുടെ അപ്രായോഗികമായ കാറ്ററിങ് നയങ്ങളാണ് കാരണമെന്ന് വിമർശമുണ്ട്.
ചില ഭക്ഷണസാധനങ്ങളുടെ വിലയും കടകളുടെ ലൈസൻസ് ഫീസും കുത്തനെകൂട്ടിയതോടെ കാലാവധി കഴിഞ്ഞിട്ടും പലരും കരാർ പുതുക്കിയില്ല. ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ട്. ഭക്ഷണശാലകൾ നിർത്തിയത് യാത്രക്കാർക്ക് വലിയ തിരിച്ചടിയായി. എറണാകുളം ജങ്ഷനിലെ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണശാലകൾ അടച്ചിട്ട് ഒരാഴ്ചയായി. എറണാകുളം ടൗൺ, കൊല്ലം എന്നിവിടങ്ങളിൽ അവശേഷിക്കുന്ന ഓരോന്ന് പൂട്ടലിന്റെ വക്കിലാണ്. റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിക്കുന്നതിനാലാണ് നോർത്തിലെ ഭക്ഷണശാല അടച്ചതെന്നാണ് അധികൃതർ പറയുന്നത്.