മലപ്പുറം
രാഷ്ട്രീയ പാർടികളുടെ പേരിൽനിന്ന് മതം ഒഴിവാക്കണമെന്ന ഹർജിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ റിപ്പോർട്ട് എതിരായാൽ കേരളത്തിൽ തിരിച്ചടിയാകുക മുസ്ലിംലീഗിന്. മുസ്ലിംലീഗിന്റെ പേരും കൊടിയും മാറ്റേണ്ടിവരും. മതത്തെ ഉപയോഗിച്ച് വോട്ടുതേടുന്ന ലീഗിന്റെ നിലനിൽപ്പുതന്നെ ഇതോടെ അപകടത്തിലാകും. ഏതെങ്കിലും മതത്തിന്റെ പേരോ ചിഹ്നമോ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർടികൾക്ക് വിലക്കേർപ്പെടുത്തണമെന്ന സ്വകാര്യ ഹർജിയിൽ സുപ്രീംകോടതിയാണ് തെരഞ്ഞെടുപ്പ് കമീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ജനപ്രാതിനിധ്യ നിയമപ്രകാരം മതാടിസ്ഥാനത്തിൽ വോട്ട് ചോദിക്കരുതെന്നാണ്. അതിനാൽ തെരഞ്ഞെടുപ്പ് കമീഷന്റെ റിപ്പോർട്ട് ഹർജിക്കാരന് അനുകൂലമാകാനാണ് സാധ്യത. പേര് മാറ്റുന്നത് ലീഗിന് വലിയ ക്ഷീണമാകും. ലീഗിന്റെ കൊടി പച്ചയിൽ വെള്ള ചന്ദ്രക്കലയും നക്ഷത്രവുമാണ്. വിധി പ്രതികൂലമായാൽ ലീഗിനൊപ്പം ഐഎൻഎല്ലിന്റെ കൊടിയിലെ ചന്ദ്രക്കലയും മാറ്റേണ്ടി വരും.