ന്യൂഡൽഹി
പിഎം ഗതിശക്തി ശൃംഖലയുടെ ഭാഗമായി കാർഗോ ടെർമിനലുകൾ നിർമിക്കുന്നതിനായി റെയിൽ ഭൂമി കുറഞ്ഞ ചെലവിൽ 35 വർഷത്തേക്ക് സ്വകാര്യ സംരംഭകർക്ക് പാട്ടത്തിനു നൽകുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. റെയിൽ ഭൂമി പാട്ടത്തിനു നൽകാവുന്ന നിലവിലെ പരമാവധി പരിധി അഞ്ചുവർഷമായിരുന്നു. ഇതാണ് 35 വർഷമായി ഉയർത്തിയത്. വിപണിവിലയുടെ ഒന്നര ശതമാനം മാത്രമാണ് പാട്ടത്തുകയായി നൽകേണ്ടത്. നിലവിൽ റെയിൽ ഭൂമി കാർഗോ ആവശ്യങ്ങൾക്കായി പാട്ടത്തിന് എടുത്തിരിക്കുന്നവർക്ക് മത്സരലേലത്തിലൂടെ പുതിയ പദ്ധതിയിലേക്ക് മാറാം.
പുതിയ പരിഷ്കാരം 1.2 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് റെയിൽ മന്ത്രാലയം അവകാശപ്പെട്ടു. അടുത്ത അഞ്ചു വർഷക്കാലയളവിൽ 300 പിഎം ഗതിശക്തി കാർഗോ ടെർമിനലുകൾ നിർമിക്കാനാകും. പുതുക്കിയ റെയിൽ ഭൂമി നയപ്രകാരം വൈദ്യുതി, വാതകം, ജലവിതരണം, ടെലികോം കേബിൾ, അഴുക്കുചാൽ, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, പൈപ്പുകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, ബസ് ടെർമിനലുകൾ, പ്രാദേശിക റെയിൽ ഗതാഗതം, നഗരഗതാഗതം എന്നിവയ്ക്കായി റെയിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉപാധികൾ ലളിതവൽക്കരിക്കും. റെയിൽപ്പാളത്തിനു കുറുകെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഇടുന്നതിന് ഒറ്റത്തവണ ഫീസായി 1000 രൂപ നൽകിയാൽ മതിയാകും. പിപിപി മാതൃകയിൽ ആശുപത്രികൾ, കെവി സ്കൂളുകൾ എന്നിവ നിർമിക്കുന്നതിനായി റെയിൽഭൂമി പ്രതിവർഷം ഒരു ചതുരശ്ര മീറ്ററിൽ ഒരുരൂപ നിരക്കിൽ അനുവദിക്കും. സമഗ്രമായ പദ്ധതിരേഖ 80 ദിവസത്തിനകം തയ്യാറാക്കും.