ചിറ്റൂർ
ഓണക്കാലത്ത് അധിക ആവശ്യകത പരിഹരിക്കുന്നതിന് ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിയത് 46.91 ലക്ഷം ലിറ്റർ പാൽ. അതിർത്തി കടക്കുന്ന പാലിന്റെ അളവ് കുടിയതോടെ ചെക്ക്പോസ്റ്റുകളിൽ ക്ഷീരവികസന വകുപ്പ് നടത്തുന്ന പരിശോധനയും ശക്തമാക്കി.
മീനാക്ഷീപുരം, ആര്യങ്കാവ്, പാറശാല എന്നീ മൂന്ന് സ്ഥിരം പാൽ പരിശോധനാ ലാബുകൾക്ക് പുറമെ വാളയാർ, കുമളി എന്നിവിടങ്ങളിൽ താൽക്കാലിക പരിശോധനാ കേന്ദ്രങ്ങളും ഒരുക്കിയിരുന്നു. 14 ജില്ലകളിലും ആരംഭിച്ച ഇൻഫർമേഷൻ സെന്ററുകളിലായി 2,510 സാമ്പിളുകൾ പരിശോധിച്ചു. മീനാക്ഷീപുരം ചെക്ക്പോസ്റ്റിലൂടെ 16.76 ലക്ഷം ലിറ്റർ, ആര്യങ്കാവ് ചെക്ക്പോസ്റ്റിലൂടെ 10.61 ലക്ഷം ലിറ്റർ, പാറശാല ചെക്ക്പോസ്റ്റിലൂടെ 6.05 ലക്ഷം ലിറ്റർ, വാളയാർ ചെക്ക്പോസ്റ്റിലൂടെ 9.06 ലക്ഷം ലിറ്റർ, കുമളി ചെക്ക്പോസ്റ്റിലൂടെ 4.4 ലക്ഷം ലിറ്റർ എന്നിങ്ങനെയാണ് ഗുണനിലവാരം ഉറപ്പ് വരുത്തിയതിനു ശേഷം കേരളത്തിലേക്ക് കടത്തിവിട്ട പാലിന്റെ അളവ്. ചെക്ക് പോസ്റ്റുകളിൽനിന്ന് ശേഖരിച്ചതിൽ ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ 92 സാമ്പിളുകളും മായം കലർത്തിയതായി കണ്ടെത്തിയ ഒരു സാമ്പിളും തുടർനടപടികൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറി.കൂടാതെ ക്ഷീരവികസന വകുപ്പിന്റെ വിവിധ സ്ക്വാഡുകളും സംസ്ഥാനത്തെ കടകളിലും ഓണക്കാലത്ത് വ്യാപക പരിശോധന നടത്തി.