തിരുവനന്തപുരം
ഓണക്കാലത്ത് ജനങ്ങളെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ. എല്ലാ കുടുംബങ്ങളിലും സർക്കാർ സഹായം എത്തിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
90 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണംചെയ്തു. 60 ലക്ഷത്തോളം പേർക്ക് 3200 രൂപ സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിലെത്തിച്ചു. അഞ്ചര ലക്ഷത്തോളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആയിരം രൂപ വീതം ഓണം അലവൻസ് നൽകി. പരമ്പരാഗത തൊഴിൽ മേഖലകളിലും പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്കും ആനുകൂല്യങ്ങളെത്തിച്ചു.
ജീവനക്കാർക്ക് ബോണസ്/ ഉത്സവ ബത്ത/ അഡ്വാൻസും പെൻഷൻകാർക്ക് ഉത്സവബത്തയും നൽകി. ലോകം കോവിഡനന്തരം അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് കേരളത്തിലെ ജനങ്ങളെ സർക്കാർ ചേർത്തുപിടിച്ചതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.