തിരുവനന്തപുരം
മൃഗസംരക്ഷണ വകുപ്പിന്റെ റാബീസ് ഫ്രീ കേരള പദ്ധതിയിൽ വളർത്തുനായ്ക്കളിൽ ഏപ്രിൽമുതൽ ഇതുവരെ 1.7 ലക്ഷം പ്രതിരോധ കുത്തിവയ്പെടുത്തു. 2021–- 22ൽ 1.94 ലക്ഷം കുത്തിവയ്പ് നടത്തി.
സെപ്തംബറിൽ വാക്സിനേഷൻ മാസമായി കണക്കാക്കി പഞ്ചായത്തുകളിൽ ക്യാമ്പുകൾ നടത്തുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പ് അഞ്ചുലക്ഷം ഡോസ് വാക്സിൻ മൃഗാശുപത്രികൾക്ക് കൈമാറി. ബാക്കിയുള്ള ലക്ഷത്തോളം വാക്സിൻ ഉടൻ വിതരണംചെയ്യും.
പേവിഷബാധ തടയാൻ തദ്ദേശ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് പദ്ധതികൾ നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുമായി ചേർന്ന് സ്കൂളുകളിൽ ഉൾപ്പെടെ വ്യാപക ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും. സംസ്ഥാനത്ത് 30 എബിസി (അനിമൽ ബർത്ത് കൺട്രോൾ) സെന്റർ തുടങ്ങാനും നടപടി ആരംഭിച്ചു.