ദുബായ്
ലോകകപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രതീക്ഷ മങ്ങുകയാണ്. ഏഷ്യാകപ്പിൽ പാകിസ്ഥാനോടും ശ്രീലങ്കയോടുമുള്ള തോൽവി ഇന്ത്യൻ ടീം മാനേജ്മെന്റിനെ സമ്മർദത്തിലാക്കി. ട്വന്റി–20 ലോകകപ്പിനുശേഷം തുടർ ജയങ്ങളുമായി മുന്നേറുകയായിരുന്ന ഇന്ത്യക്ക് ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ മോശം പ്രകടനം കനത്ത തിരിച്ചടിയായി. ലോകകപ്പിനുള്ള ഒരുക്കത്തെ ബാധിച്ചു.
പ്രധാന ബൗളർമാരുടെ പരിക്കും മുൻനിര ബാറ്റർമാരുടെ സ്ഥിരതയില്ലായ്മയും തകർച്ചയ്ക്ക് ആക്കംകൂട്ടി. ജസ്പ്രീത് ബുമ്രയില്ലാത്ത പേസ് നിരയ്ക്ക് തീരെ മൂർച്ച പോര. പരിചയസമ്പന്നനായ ഭുവനേശ്വർ കുമാർ രണ്ട് മത്സരങ്ങളിലും നിർണായക ഓവറുകളിൽ മങ്ങി. ലോകകപ്പിനുമുമ്പ് ബൗളിങ് നിരയിൽ മാറ്റമുണ്ടായില്ലെങ്കിൽ പ്രതീക്ഷകൾ തകരും.
ഏഷ്യാകപ്പിനുമുമ്പ് ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും നിരവധി മാറ്റങ്ങൾ ഇന്ത്യൻ ടീം വരുത്തിയിരുന്നു. എന്നാൽ, ഏഷ്യാകപ്പിൽ പരീക്ഷണങ്ങൾ ഉണ്ടാകില്ലെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. പരീക്ഷണങ്ങൾ ഉണ്ടായില്ലെങ്കിലും ബാറ്റിങ് നിരയിലെ ചില മാറ്റങ്ങൾ പ്രതികൂലമായി ബാധിച്ചു. സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരെയും അവസാന ഓവറുകളിൽ പ്രതീക്ഷിച്ചപോലെ റണ്ണടിക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ എന്നിവർക്കൊന്നും മധ്യനിരയിൽ മികച്ചൊരു ഇന്നിങ്സ് കാഴ്ചവയ്ക്കാനും കഴിഞ്ഞില്ല. പരിക്കുമാറിയെത്തിയ ഓപ്പണർ ലോകേഷ് രാഹുൽ ഇതുവരെ താളം വീണ്ടെടുത്തിട്ടില്ല. വിരാട് കോഹ്-ലി, ക്യാപ്റ്റൻ രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവരിൽതന്നെയാണ് ഇപ്പോഴും ടീമിന്റെ ആശ്രയം.
ദിനേശ് കാർത്തിക്കിനെ മാറ്റി പന്തിനെ കൊണ്ടുവന്നത്, ടീമിൽ ഒരു ഇടംകെെയൻ ബാറ്റർ ആവശ്യമുണ്ട് എന്നതിനാലാണെന്ന് മത്സരശേഷം രോഹിത് പ്രതികരിച്ചു. ലങ്കയ്ക്കെതിരെ അവസാന എട്ടോവറിൽ 64 റൺമാത്രമാണ് ഇന്ത്യക്ക് നേടാനായത്. പന്തും പാണ്ഡ്യയുമുണ്ടായിട്ടും ഇന്ത്യക്ക് വേഗത്തിൽ റണ്ണടിക്കാനായില്ല. ഫിനിഷർ എന്ന നിലയിൽ ടീമിൽ ഉൾപ്പെടുത്തിയ കാർത്തിക്കിന് കളിക്കാൻ അവസരം നൽകാത്തതിൽ വിമർശമുയരുന്നുണ്ട്.
ബുമ്ര, രവീന്ദ്ര ജഡേജ, ഹർഷൽ പട്ടേൽ എന്നിവരുടെ പരിക്കാണ് ടീമിന്റെ സന്തുലനത്തെ ബാധിച്ചത്. പേസ് വിഭാഗത്തിൽ ഭുവനേശ്വറും യുവതാരം അർഷ്ദീപ് സിങ്ങുമാണ് പ്രധാന ബൗളർമാർ. കൂട്ടിന് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും. മൂവർക്കും പക്ഷേ, പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകുന്നില്ല. ജഡേജയുടെ അഭാവം ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബാറ്റിലും പന്തിലും ഫീൽഡറായും ഒരുപോലെ തിളങ്ങുന്ന ജഡേജയ്ക്ക് പകരക്കാരനില്ല. പകരമെത്തിയ അക്സർ പട്ടേലിന് അവസരവും കിട്ടിയില്ല. രണ്ട് കളിയിലും ഇറങ്ങിയ ഹൂഡ പന്തെറിഞ്ഞതുമില്ല. ഒക്ടോബറിൽ ഓസ്ട്രേലിയയിലാണ് ലോകകപ്പ്. അതിനുമുമ്പ് ഓസീസ്, ദക്ഷിണാഫ്രിക്ക ടീമുകളുമായി പരമ്പരകളുണ്ട്.