റാന്നി
മന്ദപ്പുഴയെ കണ്ണീർപ്പുഴയാക്കി അഭിരാമി യാത്രയായി. ബന്ധുക്കളുടെയും കളിക്കൂട്ടുകാരുടെയും വിളി കേൾക്കാനും അവരോട് കൊഞ്ചാനും കളിക്കാനും അവളിനിയില്ല. പേവിഷബാധയേറ്റ് കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് പെരുനാട് മന്ദപ്പുഴ ഷീനാ ഭവനിൽ അഭിരാമി കഴിഞ്ഞദിവസം മരിച്ചത്. ബുധൻ രാവിലെ ആറോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. അലമുറയിടുന്ന മാതാപിതാക്കളോട് ഒരാശ്വാസവാക്കുപോലും പറയാനാകാതെ എത്തിയവരെല്ലാം വിതുമ്പുകയായിരുന്നു. ആരെയും നൊമ്പരപ്പെടുത്തുന്ന കാഴ്ചകളായിരുന്നു എങ്ങും.
അഭിരാമി പഠിച്ച മൈലപ്ര എസ്എച്ച് ഹയർസെക്കൻഡറി സ്കൂളിലെ സഹപാഠികളും അധ്യാപകരും എത്തിയതോടെ അത് കൂട്ടക്കരച്ചിലായി. അവിടെ ഏഴാം ക്ലാസിലെ സമർഥയായ കുട്ടിയായിരുന്നു അവൾ. അഭിരാമിയുടെ പ്രിയ കൂട്ടുകാരി ദക്ഷിണയെ കണ്ടപ്പോൾ അമ്മ രജനിയ്ക്ക് സങ്കടം അടക്കാനായില്ല. അടുത്ത് വിളിച്ച് കെട്ടിപ്പിടിച്ച് കരഞ്ഞ് അഭിരാമിയുടെ കാര്യങ്ങൾ വിവരിച്ചപ്പോൾ പന്തലിൽ ഉണ്ടായിരുന്നവരെല്ലാം വിതുമ്പി. മുറ്റത്ത് അഭിരാമിയുടെ സൈക്കിളും കളിപ്പാട്ടവുമെല്ലാം നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചകളായി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉൾപ്പെടെ സാമൂഹിക രാഷ്ട്രീയ മേഖലകളിലുള്ള നിരവധിയാളുകൾ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ എത്തി. പകൽ 11.30 ന് വീടിന് പിന്നിൽ ഒരുക്കിയ ചിതയ്ക്ക് അഭിരാമിയുടെ ഇളയ സഹോദരൻ കാശിനാഥ് തീ കൊളുത്തി .
അഭിരാമിയുടെ ശരീരത്തില്
ആന്റിബോഡിയുണ്ടായിരുന്നു
പട്ടിയുടെ കടിയേറ്റ അഭിരാമിയുടെ ശരീരത്തിൽ ആവശ്യത്തിന് ആന്റിബോഡി ഉണ്ടായിരുന്നതായി പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം പറയുന്നു. എന്നാൽ കണ്ണിന് സമീപം ഏറ്റ മുറിവിൽ നിന്നാകാം രോഗാണുക്കൾ പെട്ടെന്ന് തലച്ചോറിലേക്ക് എത്താൻ കാരണമായത്. തലച്ചോറിൽ നിന്നും മൂന്നോ നാലോ സെൻറീമീറ്റർ വ്യത്യാസത്തിലാണ് കണ്ണിന് സമീപം മുറിവ് ഉണ്ടായത്. ആന്റിബോഡി ശരീരത്തിൽ ആവശ്യത്തിൽ ഉണ്ടായിരുന്നു എന്നത് പ്രതിരോധ വാക്സിന്റെ ഗുണഫലത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അഭിരാമിയെ ചികിത്സിച്ച കോട്ടയത്തെ കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ. കെ പി ജയപ്രകാശ് പറഞ്ഞു.ത്വക്കിന്റെ ബയോപ്സിയും നട്ടെല്ലിൽ നിന്നുള്ള സ്രവവുമാണ് പരിശോധനയ്ക്ക് പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.
കടിച്ചത്
വളര്ത്തുനായയെന്ന് ബന്ധുക്കളും പരിസരവാസികളും
അഭിരാമിക്ക് കടിയേറ്റത് വളർത്തുനായയിൽ നിന്നെന്ന് ബന്ധുക്കളും പരിസരവാസികളും ഉറപ്പിക്കുന്നു. കടിയേറ്റത് തെരുവ് നായയിൽ നിന്നാണെന്നായിരുന്നു ആദ്യ നിഗമനം. കൂടുതൽ അന്വേഷണത്തിലാണ് അത് വളർത്തുനായയാണെന്ന് അറിയുന്നത്. നായയുടെ കഴുത്തിൽ തുടലും ചങ്ങലുമുണ്ടായിരുന്നു. അവിടെ അടുത്ത പരിസരങ്ങളിലൊന്നും കാണാത്ത നായയായിരുന്നെന്ന് പരിസരവാസി ആമിനാബീവി പറയുന്നു. അഭിരാമി ആട്ടിയോടിക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ ക്രൗര്യത്തോടെ ആക്രമിക്കുകയായിരുന്നു.
നായ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ടതാണെന്ന് കുട്ടി പറഞ്ഞിരുന്നതായി മാതാപിതാക്കളും ആവർത്തിക്കുന്നു. കുട്ടിയുടെ മുത്തച്ഛൻ ഇതേ ഇനത്തിൽപ്പെട്ട നായയെ വളർത്തുന്നുണ്ട്. അതിനാൽ അഭിരാമി പറഞ്ഞത് ശരിയാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
കോവിഡ്കാലത്ത് കൂടുതൽ അരുമമൃഗങ്ങളെ വളർത്താൻ പലരും താൽപ്പര്യം പ്രകടിപ്പിച്ചു. എന്നാൽ അടച്ചുപൂട്ടലിന് ശേഷം മിക്കയിടത്തും വീടുകളിൽ നിന്നും മറ്റും നായ്ക്കളേയും പൂച്ചകളേയും തുറന്നുവിട്ട് ഉടമകൾ കൈയൊഴിയുന്നുണ്ട്. ഇവിടെയും ഇത്തരത്തിലുള്ള നായയായിരുന്നോയെന്ന സംശയം ബലപ്പെടുന്നു. വളർത്തുനായ്ക്കൾക്ക് വേണ്ട പ്രതിരോധ കുത്തിവയ്പുകളും മറ്റും സമയത്ത് എടുക്കാതെയാണ് പലരും വളർത്തുന്നത്. വളർത്തുനായ്ക്കൾക്ക് രജിസ്ട്രേഷനും പ്രതിരോധ കുത്തിവയ്പും സംസ്ഥാന സർക്കാർ കർശനമാക്കിയിട്ടുണ്ട്.