ന്യൂഡൽഹി
ദേശീയതലത്തിൽ ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യം സാധ്യമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനം പിന്നീടാണെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ലെന്നും അദ്ദേഹം ആവർത്തിച്ചു. മൂന്നു ദിവസത്തെ ഡൽഹി സന്ദർശനത്തിൽ പ്രതിപക്ഷനേതാക്കളെ കാണുന്നതിന്റെ ഭാഗമായി എൻസിപി തലവൻ ശരദ് പവാർ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവരെ അദ്ദേഹം ബുധനാഴ്ച സന്ദർശിച്ച് പിന്തുണ ഉറപ്പാക്കി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എച്ച് ഡി കുമാരസ്വാമി, മുലായം സിങ് യാദവ്, അഖിലേഷ് യാദവ് തുടങ്ങിയവരെ നേരത്തെ സന്ദർശിച്ചിരുന്നു.
മാർച്ചിൽ ജെഡിയുവിൽനിന്ന് പുറത്താക്കപ്പെട്ട നിലവിലെ ആർജെഡി നേതാവ് ശരത് യാദവിനെയും നിതീഷ് സന്ദർശിച്ചു. എല്ലാവരുമായും സഹകരണമുണ്ടാകുമെന്ന വ്യക്തമായ സൂചനയും നിതീഷ് നൽകി. പ്രതിപക്ഷ പാർടികളെ ഒന്നിച്ചു കൊണ്ടുവരിക ദുഷ്കരമാണെന്ന് പറഞ്ഞ ശരത് യാദവ് നിതീഷിന്റെ ശ്രമങ്ങൾക്ക് പൂർണപിന്തുണ അറിയിച്ചു.