തിരൂരങ്ങാടി
ദേശീയപാത വികസനത്തിനായി വെന്നിയൂർ മഹല്ല് ഖബർസ്ഥാനിലെ ശേഷിപ്പുകൾ മാറ്റി മറവുചെയ്യും. വെന്നിയൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാൻ ഉൾപ്പെടുന്ന പ്രദേശത്ത് ഹൈവേ അക്വിസിഷൻ നടപടികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വെന്നിയൂർ മഹല്ല് ഖബർസ്ഥാനിൽ അവശേഷിക്കുന്ന നൂറുകണക്കിന് ഖബറുകൾ കേരള മുസ്ലിം ജമാഅത്ത്, എസ്വൈഎസ്, എസ്എസ്എഫ് വെന്നിയൂർ ഘടകത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ മാറ്റി മറവുചെയ്യുന്നത്. ഏതാനും ഖബറുകൾ അവകാശികൾ അവരുടെ സ്വന്തം ചെലവിൽ മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ നൂറ്റാണ്ട് പഴക്കമുള്ള പല ഖബറുകളും മാറ്റാതെ അവശേഷിച്ചു. അവകാശികൾ ഇല്ലാത്തതിനാലോ ഖബർ മാറ്റിസ്ഥാപിക്കാനുള്ള സാമ്പത്തിക ബാധ്യത വഹിക്കാൻ കഴിയാത്തതിനാലോ ആണിത്. ഇത്തരം ഖബറുകളാണ് മാറ്റി മറവുചെയ്യുക.
ഖബറുകൾ മാറ്റി മറവുചെയ്യുന്നതിനാവശ്യമായ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ കേരള മുസ്ലിം ജമാഅത്ത് തയ്യാറാണെന്ന് ഭാരവാഹികൾ മഹല്ല് അധികൃതരെ അറിച്ചു. ബുധനാഴ്ച രാവിലെ ഖബറുകൾ മാറ്റി മറവുചെയ്ത് തുടങ്ങും.