കാസർകോട്
കാസർകോട് ജില്ലയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിക്കുന്ന വൃക്ഷങ്ങളിലുള്ള പക്ഷികളുടെ സാന്നിധ്യം സാമൂഹ്യവനവൽക്കരണ വിഭാഗം പരിശോധിക്കും. പക്ഷികളുടെ പ്രജനനകാലമായതിനാൽ മരങ്ങളിലെ കൂടുകളിൽ മുട്ടകളുണ്ടാകും. ജൂൺ മുതൽ ഒക്ടോബർ വരെയാണ് പൊതുവേ പ്രജനനകാലം. ദേശാടനപ്പക്ഷികൾക്ക് ഇതിൽ മാറ്റമുണ്ട്. ഈ സമയത്ത് മരങ്ങൾ മുറിച്ചാൽ മുട്ടകൾ ഉടയാനും പക്ഷികളുടെ നാശത്തിനും ഇടയാക്കും. അതിനാലാണ് പരിശോധനയെന്ന് സാമൂഹ്യവനവൽക്കരണ വിഭാഗം ഡപ്യൂട്ടി കൺസർവേറ്റർ പി ധനേഷ്കുമാർ പറഞ്ഞു.
ചെർക്കളയിലെ മഴമരത്തിൽ കൂടുകെട്ടിയ നൂറുക്കണക്കിന് പക്ഷികളെ സംരക്ഷിക്കാൻ ഇവിടെ നിർമിക്കുന്ന മേൽപ്പാലത്തിന്റെ കരാറുകാരായ മേഘ കൺസ്ട്രക്ഷൻസ് കമ്പനി നിർത്തിയിരിക്കുകയാണ്. കൂറ്റൻ മഴമരത്തിൽ കുളക്കൊക്കുകളുടെ 18 കൂടും നീർകാക്കകളുടെ 10 കൂടുമുണ്ടെന്ന് പക്ഷിനിരീക്ഷകൻ രാജു കിദൂറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എൺപതോളം കുഞ്ഞുങ്ങളുണ്ട്. ചിറക് വിരിഞ്ഞ ഇവ ചില്ലകളിൽ പാറിപ്പറക്കുന്നുണ്ട്. 20 ദിവസം കഴിഞ്ഞാൽ പുറത്തേക്ക് പറന്നുപോകുമെന്ന് കരുതുന്നു. അതുവരെ കാത്തിരിക്കാനാണ് തീരുമാനം.