കൊച്ചി
രാജ്യത്തെ നാളികേരോൽപ്പാദനത്തിന്റെ 1.18 ശതമാനംമാത്രമുള്ള ഗുജറാത്തിൽ ലോക നാളികേരദിനാഘോഷത്തിന്റെ പ്രധാന ചടങ്ങ് നടത്തിയ നാളികേര വികസന ബോർഡിന്റെ നടപടി വിവാദമായി. വെറും 25,000 ഹെക്ടറിൽമാത്രം തെങ്ങുകൃഷിയുള്ള ഗുജറാത്തിൽ നാളികേര വികസന ബോർഡിന്റെ പുതിയ സംസ്ഥാന ഓഫീസും സ്ഥാപിച്ചാണ് കേന്ദ്രസർക്കാർ ഇത്തവണ ദിനാഘോഷം നടത്തിയത്.
നാളികേര വികസന ബോർഡ് ആസ്ഥാനമായ കൊച്ചിയിൽ കേന്ദ്ര കൃഷിമന്ത്രിയും കാർഷികമന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്ത് ആഘോഷം നടത്താൻ എല്ലാ ഒരുക്കവും പൂർത്തിയാക്കിയശേഷമാണ് ഗുജറാത്തിലെ പരിപാടി ഓൺലൈനായി കാണിച്ച് ഇവിടെ ചടങ്ങ് പേരിനുമാത്രമാക്കിയത്. കൊച്ചിയിൽ കേന്ദ്രമന്ത്രിയും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് അറിയിച്ച് ഹോട്ടലുകൾവരെ ബുക്ക് ചെയ്തിരുന്നു. അവസാന നിമിഷം നേരിട്ടുള്ള ചടങ്ങ് റദ്ദാക്കുകയായിരുന്നു.
ദേശീയ നാളികേരോൽപ്പാദനത്തിന്റെ 90 ശതമാനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നാണ്. ഏറ്റവും കൂടുതൽ തെങ്ങുകൃഷിയുള്ള കേരളമാണ് ദേശീയതലത്തിൽ 25 ശതമാനവും സംഭാവന ചെയ്യുന്നത്. ഗുജറാത്തിൽ നാളികേരവികസനത്തിന് ഈ വർഷം 562 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയത്. എന്നാൽ, കേരളത്തിൽ മുൻവർഷങ്ങളിൽ ചെലവാക്കിയത് ഇതിന്റെ 10 ശതമാനം തുകമാത്രം. ഗുജറാത്തിലെ അത്രതന്നെ തെങ്ങുകൃഷി ഗോവയിലുമുണ്ട്. എന്നാൽ, അവിടെ സംസ്ഥാന ഓഫീസ് ഇതുവരെ സ്ഥാപിച്ചിട്ടില്ല.