തിരുവനന്തപുരം
തീരമേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത് 6417 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം. ഫിഷറീസ് വകുപ്പ് ആറുവർഷത്തിൽ ഏറ്റെടുത്തത് 4507 കോടിയുടെ പദ്ധതികൾ. കിഫ്ബിയുടെ 316 കോടിയുടെയും ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ 294 കോടിയുടെയും പദ്ധതികളുണ്ട്. കഴിഞ്ഞവർഷം ബജറ്റിൽ പ്രഖ്യാപിച്ച തീരസംരക്ഷണ പദ്ധതിയിൽ 1500 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് ജലസേചന വകുപ്പ് തുടക്കമിട്ടു.
പുനർഗേഹം പുനരധിവാസ പദ്ധതി അതിവേഗം പുരോഗമിക്കുന്നു. തീരത്തെ 21,004 കുടുംബത്തെ ഇതിലൂടെ സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കും. ഫിഷറീസ് വകുപ്പിന്റെ 1052 കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 1398 കോടി രൂപയുമാണ് പദ്ധതി അടങ്കൽ. ആദ്യഘട്ടത്തിൽ 8375 പേരുടെ പുനരധിവാസം ദ്രുതഗതിയിലാണ്. ലൈഫ് പദ്ധതിയിൽ 2677 വീട് വേറെയുമുണ്ട്.
പരപ്പനങ്ങാടി (112.22 കോടി), ചെത്തി (97.44 കോടി) മത്സ്യബന്ധന തുറമുഖ നിർമാണം പുരോഗമിക്കുന്നു. ചെല്ലാനം (10.37 കോടി), തങ്കശേരി (6.25 കോടി), വെള്ളയിൽ (6.50 കോടി), പുതിയാപ്പ (2.25 കോടി), താനൂർ (14.86 കോടി) തുറമുഖ അടിസ്ഥാന സൗകര്യ വികസനവും വെള്ളയിൽ പുലിമുട്ട് (22.31 കോടി) നീളംകൂട്ടലും പൂർത്തിയാക്കി.
തങ്കശേരിയിൽ കൂടുതൽ വികസനത്തിന് (5.14 കോടി), നീണ്ടകരയിൽ അറ്റകുറ്റപ്പണിക്ക് (10 കോടി), ശക്തികുളങ്ങരയിൽ വിപുലീകരണവും ആധുനികവൽക്കരണവും (34.50 കോടി), കായംകുളത്ത് ബർത്തിങ് സൗകര്യം (7.80 കോടി), താനൂർ (14.86 കോടി), വെള്ളയിൽ (22.31 കോടി), ചെല്ലാനം (13.43 കോടി) എന്നീ തുറമുഖ വികസന പ്രവൃത്തികൾ പുരോഗമിക്കുന്നു. വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്റർ വികസനവും (16.68 കോടി) നടക്കുന്നു.
ഓഖി പാക്കേജിൽ നീണ്ടകര ഒന്നാംഘട്ടം, കാസർകോട്, മുനമ്പം പുലിമുട്ടുകളുടെ നീളംകൂട്ടൽ എന്നിവ പൂർത്തിയായി. തോട്ടപ്പള്ളി, കായംകുളം തുറമുഖം രണ്ടാംഘട്ട വികസനം പുരോഗമിക്കുന്നു. ബേപ്പൂർ (98 ലക്ഷം), പുതിയാപ്പ (11.02 കോടി) എന്നിവിടങ്ങളിൽ ബർത്തിങ് ജെട്ടി നിർമിച്ചു. 22 സ്കൂൾ വികസന പ്രവർത്തനം മുന്നേറുന്നു.
890 കോടിയിൽ 2015 തീരറോഡ് നിർമാണത്തിൽ 1444 പൂർത്തിയായി. തീര സംരക്ഷണ പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഒമ്പത് അതീവപ്രശ്ന മേഖല കണ്ടെത്തി. സംരക്ഷണ നടപടികളിലേക്ക് കടന്ന ചെല്ലാനത്ത് പദ്ധതി വിജയം കണ്ടുതുടങ്ങി. ശംഖുമുഖമടക്കം മറ്റ് മേഖലയിൽ പദ്ധതിരേഖ തയ്യാറാകുന്നു.