ഹൈദരാബാദ്
ആന്ധ്രപ്രദേശില്‍ ബലാത്സംഗ ശ്രമം എതിര്‍ത്ത പതിനാലുകാരിക്കെതിരെ അടുത്ത ബന്ധുകൂടിയായ യുവാവിന്റെ നിഷ്ഠൂര ആക്രമണം. പെണ്‍കുട്ടിയുടെ വായിലും മുഖത്തും ആസിഡ് ഒഴിക്കുകയും കഴുത്തറുക്കുകയും ചെയ്തു.
കുട്ടിയുടെ നില അതീവഗുരുതരം. നെല്ലൂര്‍ ചെമുഡുഗുണ്ടയിലെ നക്കാല ഗിരിജൻ കോളനിയില്‍ തിങ്കള്‍ രാത്രിയാണ് സംഭവം. അച്ഛനമ്മമാർ ജോലിക്ക് പോയിരുന്നതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കടന്ന പ്രതി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് കുട്ടി എതിര്‍ത്തു.
ടോയ്ലറ്റ് വൃത്തിയാക്കാന്‍ വച്ചിരുന്ന ആസിഡ് ഇയാള്‍ പെണ്‍കുട്ടിയുടെ മുഖത്തൊഴിച്ചു. അലറിവിളിച്ചതോടെ പ്രതി കൈയില്‍ കരുതിയ കത്തിയുപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തറുത്തശേഷം രക്ഷപ്പെട്ടു. രക്തത്തില്‍ കുളിച്ചുകിടന്ന കുട്ടിയെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ മുഖത്താകെ ഗുരുതരമായി പൊള്ളലേറ്റു.