തിരുവനന്തപുരം
ഓണത്തോടനുബന്ധിച്ച് ലഭിച്ച 325 ബോണസ് തർക്കങ്ങളും രമ്യമായി പരിഹരിച്ച് തൊഴിൽ വകുപ്പിന്റെ ചരിത്രനേട്ടം. വേളിയിലെ ഇംഗ്ലീഷ് ഇൻഡ്യൻ ക്ലേ കമ്പനിയിലെ 101 തൊഴിലാളികൾക്ക് 2000 -രൂപ വീതം എക്സ്ഗ്രേഷ്യ അനുവദിച്ചതുൾപ്പെടെ വകുപ്പിന്റെ ഇടപെടൽ ശ്രദ്ധേമായി. ഹാബിലിറ്റേഷൻ പ്ലാന്റേഷനിലെ തൊഴിലാളികളുടെ ബോണസ് വിഷയം ഒത്തുതീർപ്പാക്കി ഒരുകോടി രൂപ അനുവദിച്ചു. സംസ്ഥാനതലത്തിലെ എൽപിജി സിലിണ്ടർ ട്രക്ക് തൊഴിലാളികളുടെയും വിതരണ തൊഴിലാളികളുടെയും സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് സർവീസ് തൊഴിലാളികളുടെയും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ജീവനക്കാരുടെയും സോമിൽ തൊഴിലാളികളുടെയും ബോണസ് തർക്കവും പരിഹരിച്ചു.
സോമിൽ
തൊഴിലാളികൾക്ക് ബോണസ്
സംസ്ഥാനത്തെ സോമിൽ തൊഴിലാളികൾക്ക് 13 ദിവസത്തെ ശമ്പളം ബോണസായി നൽകും. ഡെപ്യൂട്ടി ലേബർ കമീഷണർ കെ എസ് സിന്ധു തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്പിന്നിങ് മില്ലുകളിലെ തൊഴിലാളികൾക്ക് മിനിമം ബോണസിന് പുറമെ ഹാജർ ഒന്നിന് 12 രൂപ പ്രകാരം അറ്റൻഡൻസ് ഇൻസെന്റീവും നൽകും.