കോഴിക്കോട്
അക്ഷരങ്ങളിൽ അഗ്നിപകർന്ന്, കാലത്തിന് വെളിച്ചം സമ്മാനിച്ച ‘ദേശാഭിമാനി’യുടെ എൺപതാം പിറന്നാളിന് പ്രൗഢഗംഭീര തുടക്കം. അച്ചടിമഷി പുരളുന്ന ഓരോ വാക്കിനും രാഷ്ട്രീയമുണ്ടെന്നും ആ രാഷ്ട്രീയമാണ് ജനതയുടെ ഭാഗധേയം നിർണയിക്കുന്നതെന്നും ഓർമപ്പെടുത്തുന്ന ചരിത്രമുഹൂർത്തത്തിന് ആയിരങ്ങൾ സാക്ഷിയായി. പത്രം പിറവിയെടുത്ത കോഴിക്കോട് നടന്ന ഉദ്ഘാടന ചടങ്ങ് ജനകീയ ഉത്സവമായി. കലിക്കറ്റ് ട്രേഡ് സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുവർഷം നീളുന്ന ആഘോഷം ഉദ്ഘാടനംചെയ്തു. ജ്ഞാനപീഠജേതാവ് എം ടി വാസുദേവൻ നായർ മുഖ്യാതിഥിയായി. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനായി.
സാമൂഹിക, സാംസ്കാരിക, കായിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ വൻ ജനാവലി ചടങ്ങിൽ സംബന്ധിച്ചു. കോൽക്കളി, തിറയാട്ടം എന്നിവയോടെയാണ് അരങ്ങുണർന്നത്. കലാമണ്ഡലം വിദ്യാർഥികൾ ദേശാഭിമാനി മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഒരുക്കി. ദേശാഭിമാനിയുടെ ചരിത്ര പതിപ്പ് മുഖ്യമന്ത്രി എംടിക്ക് നൽകി പ്രകാശിപ്പിച്ചു. ദേശാഭിമാനി വാരിക എൺപതാം വാർഷിക പ്രത്യേക പതിപ്പ് ഡോ. ഖദീജ മുംതാസ് പി വത്സലക്ക് നൽകിയും, ദേശാഭിമാനി ഡയറക്ടറി ജനറൽ മാനേജർ കെ ജെ തോമസ് മുൻ പ്രസ് മാനേജർ ടി കുഞ്ഞിരാമന് നൽകിയും പ്രകാശനം ചെയ്തു. മലബാർ ഗോൾഡുമായി ചേർന്നുള്ള റെസ്പോൺസിബിൾ ഫാമിലി പദ്ധതിക്കും തുടക്കമായി. പുത്തലത്ത് ദിനേശനിൽനിന്ന് മലബാർ ഗോൾഡ് ചെയർമാൻ എം പി അഹമ്മദ് ഫ്ലാഗ് ഏറ്റുവാങ്ങി.
വനിതാ കമീഷൻ ചെയർപേഴ്സൺ പി സതീദേവി, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ, ജോൺ ബ്രിട്ടാസ് എംപി, ഫുട്ബോൾ താരം ഐ എം വിജയൻ, സാമൂഹ്യപ്രവർത്തക ശീതൾ ശ്യാം, ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ, റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ സ്വാഗതവും യൂണിറ്റ് മാനേജർ ഒ പി സുരേഷ് നന്ദിയും പറഞ്ഞു. ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിൽ അകം ബാൻഡിന്റെ മ്യൂസിക് മെഗാ ഇവന്റും അരങ്ങേറി.