ദുബായ്
കളിജീവിതത്തിലെ മോശം സമയത്ത് പിന്തുണയുമായി എത്തിയത് മഹേന്ദ്ര സിങ് ധോണിമാത്രമെന്ന് വിരാട് കോഹ്-ലി. ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ മത്സരശേഷമായിരുന്നു കോഹ്-ലിയുടെ പ്രതികരണം. ടെസ്റ്റ് ക്യാപ്റ്റൻസി നഷ്ടമായ സമയത്ത് നേരിട്ട് സന്ദേശമയച്ച് കാര്യങ്ങൾ അന്വേഷിച്ച് കൂടെനിന്നത് ധോണിയായിരുന്നു. കൂടെ കളിച്ചവരിൽ പലരുടെയും കെെയിൽ തന്റെ ഫോൺ നമ്പറുണ്ടായിരുന്നു. പക്ഷേ, ധോണിമാത്രമാണ് കാര്യങ്ങൾ നേരിട്ട് അന്വേഷിച്ചത്– കോഹ-്-ലി പറഞ്ഞു.
കഴിഞ്ഞവർഷമാണ് കോഹ്-ലിക്ക് ക്യാപ്റ്റൻസ്ഥാനം നഷ്ടമാകുന്നത്. ബാറ്റർ എന്ന രീതിയിലും തിരിച്ചടികളായിരുന്നു. കളിജീവിതത്തിലെ മോശം കാലഘട്ടം. ‘കളിജീവിത്തിൽ താൽപ്പര്യം കുറഞ്ഞുവരുന്ന ഘട്ടമായിരുന്നു അത്. പലരും ടെലിവിഷനിൽവന്ന് ഉപദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. അവരിൽ പലരുടെയും കെെയിലും എന്റെ ഫോൺ നമ്പറുണ്ട്. പക്ഷേ, ഒരാളുടെ സന്ദേശംപോലും എനിക്ക് ലഭിച്ചില്ല. ധോണി അങ്ങനെയായിരുന്നില്ല. ആ ബന്ധം യഥാർഥമാണ്.
ധോണിക്കുകീഴിൽ ഒരിക്കലും അരക്ഷിതത്വം തോന്നിയിട്ടില്ല. തിരിച്ചും അങ്ങനെതന്നെയായിരുന്നു. ആ ബഹുമാനം എപ്പോഴുമുണ്ട്. നിങ്ങളെന്നെ സഹായിക്കുകയാണെങ്കിൽ നേരിട്ടാണ് കാര്യങ്ങൾ പറയേണ്ടത്. അല്ലാതെ ടിവി ചാനലിൽ ഇരുന്നല്ല. അത്തരം ഉപദേശങ്ങൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല’– കോഹ്-ലി വ്യക്തമാക്കി. മുൻ താരങ്ങളുടെ പേരുകൾ പറഞ്ഞില്ലെങ്കിലും കോഹ്-ലിയെ കൂടുതൽ വിമർശിക്കുന്നവരിൽ മുമ്പിൽ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കറായിരുന്നു.