ദുബായ്
അർധസെഞ്ചുറി നേടിയ ഓപ്പണർ മുഹമ്മദ് റിസ്വാൻ പാകിസ്ഥാന് സൂപ്പർ വിജയമൊരുക്കി. ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായകമത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് തോൽവി. വിക്കറ്റ്കീപ്പറായ റിസ്വാൻ 51 പന്തിൽ 71 റണ്ണടിച്ചു. 20 പന്തിൽ 42 റണ്ണുമായി മുഹമ്മദ് നവാസ് പിന്തുണ നൽകി. മൂന്നാംവിക്കറ്റിൽ ഇവർ നേടിയ 73 റൺ വിജയത്തിൽ നിർണായകമായി. ഗ്രൂപ്പ് മത്സരത്തിലെ അഞ്ച് വിക്കറ്റ് തോൽവിക്ക് പാകിസ്ഥാൻ പകരംവീട്ടി.
സ്കോർ: ഇന്ത്യ 7–-181, പാകിസ്ഥാൻ 5–-182 (19.5).
ക്യാപ്റ്റൻ ബാബർ അസമിനെയും (14) ഫഖർസമാനെയും (15) നഷ്ടമായെങ്കിലും റിസ്വാനും നവാസും വിജയത്തിലേക്ക് പന്തടിച്ചു. അഞ്ച് ഓവറിൽ എട്ട് വിക്കറ്റ് കൈയിലിരിക്കെ പാകിസ്ഥാന് ജയിക്കാൻ 47 റൺ മതിയായിരുന്നു. നവാസിനെ ദീപക് ഹൂഡയുടെ കൈകളിലെത്തിച്ച് ഭുവനേശ്വർ കുമാർ കളി തിരിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.
പുറത്താകാതെ 14 റൺ നേടിയ ഖുഷ്ദിൻ ഷായും എട്ട് പന്തിൽ 16 റണ്ണടിച്ച ആസിഫ് അലിയും ലക്ഷ്യം എളുപ്പമാക്കി. രവി ബിഷ്ണോയ് എറിഞ്ഞ പതിനെട്ടാം ഓവറിലെ മൂന്നാം പന്തിൽ റണ്ണെടുക്കാത്ത ആസിഫ് അലിയെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന് വലിയ വിലകൊടുക്കേണ്ടിവന്നു. അനായാസ ക്യാച്ച് അർഷദീപ് സിങ് നിലത്തിട്ടു. അപ്പോൾ പാകിസ്ഥാന് ജയിക്കാൻ 31 റൺ വേണ്ടിയിരുന്നു.
അവസാന ഓവറിൽ അർഷദീപ് ആസിഫിനെ വിക്കറ്റിനുമുന്നിൽ കുടുക്കിയെങ്കിലും വൈകിപ്പോയി. പത്തൊമ്പതാം ഓവറിൽ ഭുവനേശ്വർ കുമാർ 19 റൺ വഴങ്ങിയതോടെ ഇന്ത്യ കളി വിട്ടു. അവസാന ഓവറിൽ ആവശ്യമായ ഏഴ് റൺ പാകിസ്ഥാൻ അനായാസം നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വിരാട് കോഹ്ലി താങ്ങായി. പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവ് പ്രകടിപ്പിച്ച കോഹ്ലിയുടെ മികച്ച ഇന്നിങ്സിൽ (44 പന്തിൽ 60) ഇന്ത്യ 182 റൺ വിജയലക്ഷ്യം കുറിച്ചു.
കോഹ്ലിയെക്കൂടാതെ ഓപ്പണർമാരായ രോഹിതും (16 പന്തിൽ 28) ലോകേഷ് രാഹുലും (20 പന്തിൽ 28) മിന്നി. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ റണ്ണെടുക്കാതെ മടങ്ങി. സൂര്യ കുമാർ യാദവ് (13), ഋഷഭ് പന്ത് (14), ദീപക് ഹൂഡ (16) എന്നിവർക്കും തിളങ്ങാനായില്ല. പാകിസ്ഥാനായി സ്പിന്നർ ഷദാബ് ഖാൻ രണ്ട് വിക്കറ്റെടുത്തു.
ഇന്ന് കളിയില്ല. നാളെ ഇന്ത്യ ശ്രീലങ്കയെ നേരിടും. തിരുവോണദിവസമായ വ്യാഴാഴ്ച ഇന്ത്യക്ക് അഫ്ഗാനാണ് എതിരാളി.