മുംബൈ
ഞായറാഴ്ച വാഹനാപകടത്തിൽ മരിച്ച ടാറ്റ സൺസിന്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രി (54) സഞ്ചരിച്ചിരുന്ന മെഴ്സിഡസ് കാർ അമിതവേഗത്തിലായിരുന്നെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. കാർ ഒമ്പത് മിനിറ്റിൽ 20 കിലോമീറ്റർ മറികടന്നതായി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് കണ്ടെത്തി. പിൻസീറ്റിലിരുന്ന മിസ്ത്രിയും കുടുംബ സുഹൃത്ത് ജഹാംഗീർ പണ്ഡോളുമാണ് മരിച്ചത്. ഇരുവരും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ എയർബാഗുകൾ പ്രവർത്തിച്ചില്ല. മിസ്ത്രി മരിച്ചത് തലയ്ക്കേറ്റ ക്ഷതംമൂലമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ഞായർ വൈകിട്ട് മിസ്ത്രിയും കുടുംബസുഹൃത്തുക്കളും സഞ്ചരിച്ച കാർ സൂര്യ നദിക്കു കുറുകെയുള്ള പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് തകർന്നത്. കാറിലുണ്ടായിരുന്ന ജഹാംഗീറിന്റെ സഹോദരൻ ഡാരിയസ് പണ്ഡോൾ (60), ഭാര്യ ഡോ. അനഹിത പണ്ഡോൾ (55) എന്നിവർക്ക് പരിക്കേറ്റു. അനഹിതയാണ് കാറോടിച്ചത്. മിസ്ത്രിയുടെയും ജഹാംഗീറിന്റെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. മിസ്ത്രിയുടെ സംസ്കാരം ചൊവ്വാഴ്ച മുംബൈയിലെ വോർളി ശ്മശാനത്തിൽ നടക്കും.