കോഴിക്കോട്
ദേശാഭിമാനിയുടെ എൺപതാം വാർഷികാഘോഷത്തിന് ചൊവ്വാഴ്ച കോഴിക്കോട്ട് തുടക്കം. എരഞ്ഞിപ്പാലം സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ പകൽ 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ മുഖ്യാതിഥിയാകും. ചടങ്ങിൽ ദേശാഭിമാനിയുടെ ചരിത്രം മുഖ്യമന്ത്രി പിണറായി വിജയനും ജനറൽ മാനേജർ കെ ജെ തോമസ് ദേശാഭിമാനി ഡയറക്ടറി യും പ്രകാശിപ്പിക്കും. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനാകും. വിവിധ കലാപരിപാടികളും അരങ്ങേറും.
ജന്മനാട്ടിൽ ഉയരുന്നു എൺപതാണ്ടിന്റെ കാഹളം
മനുഷ്യപക്ഷത്തിന്റെ വാർത്താപത്രമായ ദേശാഭിമാനിയുടെ എൺപതാം വാർഷികാഘോഷത്തിന് ചൊവ്വാഴ്ച ജന്മദേശമായ കോഴിക്കോട്ട് തുടക്കം. എരഞ്ഞിപ്പാലം സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ പകൽ 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ മുഖ്യാതിഥിയാകും. 1942ൽ ദേശാഭിമാനി വാരികയായി പ്രവർത്തനം തുടങ്ങിയ ദിനത്തിലാണ് ഒരു വർഷം നീളുന്ന ആഘോഷങ്ങളുടെ തുടക്കം. കലാമണ്ഡലം വിദ്യാർഥികൾ അവതരിപ്പിക്കുന്ന ദേശാഭിമാനി മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തോടെയാണ് പരിപാടി ആരംഭിക്കുക.
ദേശാഭിമാനിയുടെ ചരിത്രം മുഖ്യമന്ത്രി പ്രകാശിപ്പിക്കും. മലബാർ ഗോൾഡുമായി ചേർന്ന് നടപ്പാക്കുന്ന റെസ്പോൺസിബിൾ ഫാമിലി പ്രഖ്യാപനവും നടക്കും. ദേശാഭിമാനി വാരിക എൺപതാം വാർഷികാഘോഷ പതിപ്പ് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഡോ. ഖദീജ മുംതാസിന് നൽകി പ്രകാശനം ചെയ്യും. ദേശാഭിമാനി ഡയറക്ടറി ജനറൽ മാനേജർ കെ ജെ തോമസ് പ്രകാശിപ്പിക്കും. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനാവും. മന്ത്രി പി എ മുഹമ്മദ് റിയാസ്, വനിതാ കമീഷൻ ചെയർപേഴ്സൺ പി സതീദേവി, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ, ജോൺ ബ്രിട്ടാസ് എംപി, മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ, സാമൂഹ്യപ്രവർത്തക ശീതൾ ശ്യാം, ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ, സ്വാഗതസംഘം ചെയർമാൻ പി മോഹനൻ എന്നിവർ സംസാരിക്കും. തുടർന്ന് ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിൽ അകം ബാൻഡിന്റെ മ്യൂസിക് മെഗാ ഇവന്റും അരങ്ങേറും. കോഴിക്കോട് യാസിർ കുരിക്കളും സംഘവും അവതരിപ്പിക്കുന്ന കോൽക്കളി, പീതാംബരൻ പന്തീരാങ്കാവ് അവതരിപ്പിക്കുന്ന തിറയാട്ടം എന്നിവ ഉദ്ഘാടനസമ്മേളനത്തിന് മുന്നോടിയായി നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിൽ ‘80 വർഷത്തെ കേരളം, 80 വർഷത്തെ ദേശാഭിമാനി’ എന്ന ചരിത്ര പ്രദർശനത്തിനും ആറിന് തുടക്കമാവും. പത്തുവരെ നീളുന്ന പ്രദർശനം ആറിന് പകൽ 11ന് ചരിത്രകാരൻ എം ആർ രാഘവവാര്യർ ഉദ്ഘാടനം ചെയ്യും.