തിരുവനന്തപുരം
മലയാളിക്ക് ഓണമുണ്ണാൻ വിഷരഹിത പച്ചക്കറി വിളയിച്ച് 1500 വിപണിയൊരുക്കി സിപിഐ എം. സംയോജിത കൃഷി ക്യാമ്പയിനിലൂടെ വിളയിച്ച ഉൽപ്പന്നങ്ങളാണ് വിൽപ്പനയ്ക്കുണ്ടാകുക. സെപ്തംബർ ഏഴുവരെയുള്ള വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കൾ പകൽ 11ന് തിരുവനന്തപുരം വെമ്പായത്ത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർവഹിക്കും. ജില്ലാതലങ്ങളിലെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
കർഷകസംഘത്തിന്റെയും മറ്റ് ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ സഹകരണബാങ്ക്, തദ്ദേശസ്ഥാപനം, സന്നദ്ധസംഘടന എന്നിവയുടെ സഹായത്തിലാണ് വിപണി സജ്ജീകരിക്കുന്നത്. വിഷരഹിത പച്ചക്കറിയുടെ ഉൽപ്പാദനവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടാണ് 2015ൽ സംയോജിത കൃഷി ക്യാമ്പയിൻ പാർടി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ കേരളമാകെ 15,000 ഏക്കറിലാണ് കൃഷി ചെയ്തത്. ഇന്നത് 15,000 ഹെക്ടറിലേക്ക് വ്യാപിച്ചെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കൺസ്യൂമർഫെഡിൽ വൻ വിൽപ്പന
കൺസ്യൂമർഫെഡിന്റെ ഓണച്ചന്തയിലെ 70 ശതമാനം സാധനവും വിറ്റുപോയി. 1600 ചന്തയാണ് സംഘടിപ്പിച്ചത്. അരി (ജയ, കുറുവ, മട്ട ), പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, ഉൾപ്പെടെ 13 ഇനം സബ്സിഡിയിൽ ലഭ്യമാണ്. 10 മുതൽ 40 ശതമാനം വിലക്കുറവിലാണ് മറ്റു നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്നതെന്ന് എംഡി എം സലീം പറഞ്ഞു.
മിൽമയുമായി സഹകരിച്ച് ഓണസദ്യക്കുള്ള സ്പെഷ്യൽ കിറ്റും കിട്ടും. 356 രൂപയുടെ കിറ്റ് 297 രൂപയ്ക്ക് വാങ്ങാം. മൊത്തവിലയിൽ സഹകരണ സംഘങ്ങൾക്ക് 281 രൂപയ്ക്ക് നൽകും. പാലട മിക്സ്, നെയ്യ്, പാൽ, വെജിറ്റബിൾ ബിരിയാണി മിക്സ്, ഗുലാബ് ജാമുൻ എന്നിവയാണ് കിറ്റിലുള്ളത്. കശുവണ്ടി വികസന കോർപറേഷന്റെ മികച്ച കശുവണ്ടിപ്പരിപ്പും 15 ശതമാനം വിലക്കുറവിലുണ്ട്. ബുധൻവരെയാണ് ഓണച്ചന്ത.