ന്യൂഡൽഹി/ തിരുവനന്തപുരം
ഫിലിപ്പീൻസിൽ കമ്യൂണിസ്റ്റുകാരെ നിഷ്ഠുരമായി അടിച്ചമർത്തിയ ഭരണാധികാരി രമൺ മഗ്സസെയുടെ പേരിലുള്ള അവാർഡ് കെ കെ ശൈലജ സ്വീകരിക്കേണ്ടതില്ലെന്നത് കൂട്ടായ തീരുമാനമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിൽ പൊതുജനാരോഗ്യ വിഷയങ്ങൾ മികച്ച രീതിയിൽ പരിഹരിച്ച്, പ്രതിരോധിച്ചതിനാണ് അവാർഡ്. അത് എൽഡിഎഫ് സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കൂട്ടായ ശ്രമഫലമാണ്. വ്യക്തിഗത നേട്ടം മാത്രമായി കാണാനാകില്ല. ആദ്യമായാണ് സജീവ രാഷ്ട്രീയനേതാവിന് മഗ്സസെ അവാർഡ് സമ്മാനിക്കുന്നത്. കെ കെ ശൈലജ സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗമാണ്. ഏറ്റവും സമുന്നത സമിതിയാണത്. ഈ കാരണങ്ങളെല്ലാം പരിഗണിച്ചാണ് ശൈലജ അവാർഡ് നിരസിച്ചത്–- യെച്ചൂരി പറഞ്ഞു.
ലോകത്തിലെ പ്രധാന കമ്യൂണിസ്റ്റ് വിരുദ്ധനായ മഗ്സസെയുടെ പേരിലുള്ള അവാർഡ് പാർടി കേന്ദ്ര കമ്മിറ്റി അംഗത്തിന് നൽകുന്നത് അപമാനിക്കലാണെന്നും അത് വാങ്ങുന്നത് ശരിയല്ലെന്നാണ് നിലപാടെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അവാർഡ് നിരസിച്ചതിൽ താരതമ്യത്തിന്റെ ആവശ്യമില്ലെന്ന് കെ കെ ശൈലജ എംഎൽഎ വ്യക്തമാക്കി. അവാർഡ് കമ്മിറ്റിയോട് നന്ദി രേഖപ്പെടുത്തി പുരസ്കാരം വ്യക്തിപരമായി സ്വീകരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതായും ശൈലജ പറഞ്ഞു.