ന്യൂഡൽഹി
ബിജെപിയെ തെരഞ്ഞെടുപ്പുകളിൽ ജയിപ്പിക്കാൻ ആർഎസ്എസ് രാജ്യത്ത് നിരവധി ബോംബ് സ്ഫോടനങ്ങൾ നടത്തിയെന്ന ഗുരുതര ആക്ഷേപമുയർന്നിട്ടും പ്രതികരിക്കാതെ സംഘപരിവാർ. ദീർഘനാൾ ആർഎസ്എസ് പ്രവർത്തകനായിരുന്ന മഹാരാഷ്ട്ര സ്വദേശി യശ്വന്ത് ഷിൻഡെയാണ് വെളിപ്പെടുത്തൽ നടത്തിയത്. നാന്ദേഡിൽ ബോംബ് നിർമാണത്തിനിടെ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിലെസത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തൽ. മുതിർന്ന നേതാവ് ഇന്ദ്രേഷ് കുമാർ, വിഎച്ച്പി ദേശീയ ജനറൽ സെക്രട്ടറി മിലിന്ദ് പരന്ദെ, വിഎച്ച്പിയുടെ ഉത്തരാഖണ്ഡ് മേധാവി രവി ദേവ് എന്നിവരുടെ പേരാണ് സത്യവാങ്മൂലത്തിലുള്ളത്.
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളോട് പ്രതികരിക്കാൻ ഇന്ദ്രേഷ് കുമാറോ മിലിന്ദ് പരന്ദെയോ രവി ദേവോ തയ്യാറായിട്ടില്ല. ഒന്നും പറയാനില്ലെന്നാണ് ഇവരെ ബന്ധപ്പെട്ട മാധ്യമങ്ങളോട് മൂന്നുപേരും പറഞ്ഞത്. സംഝോത എക്സ്പ്രസ് സ്ഫോടനമടക്കം നിരവധി സ്ഫോടനക്കേസുകളിൽ പ്രതിയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ സ്വാമി അസീമാനന്ദയും ഇന്ദ്രേഷ് കുമാറിന്റെ പേര് വെളിപ്പെടുത്തിയിരുന്നു.
ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് അടക്കം ഉന്നത നേതാക്കളുടെ അറിവോടെയാണ് സ്ഫോടനങ്ങൾ സംഘടിപ്പിക്കലും മറ്റുമെന്ന ഗുരുതര ആക്ഷേപവും ഷിൻഡെ ഉന്നയിച്ചിട്ടുണ്ട്. മോഹൻ ഭാഗവതും പ്രതികരിച്ചിട്ടില്ല.