തിരുവനന്തപുരം
സംസ്ഥാനത്തെ ഭദ്രമായ ക്രമസമാധാന നില തകർക്കണമെന്ന മനോഭാവത്തോടെ ചില ശക്തികൾ രംഗത്തുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊലീസിനെ മറ്റൊരു രീതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്തരം ശക്തികളുടെ പ്രവർത്തനം. അത് ജാഗ്രതയോടെ കാണണം. സംയമനം പാലിച്ച് ചുമതല നിറവേറ്റാൻ പൊലീസിനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ റിസർവ് ബറ്റാലിയൻ, എംഎസ്പി, എസ്എപി, കെഎപി 1, കെഎപി 2, കെഎപി 4, കെഎപി 5 എന്നിവയിലെ 120 സിവിൽ പൊലീസ് ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനോന്മുഖ പ്രവർത്തനത്തിലൂടെ പൊലീസിന് ജനകീയ മുഖം കൈവന്നിട്ടുണ്ട്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും പ്രൊഫഷണലുകളും പൊലീസിന്റെ ഭാഗമാകുന്നുണ്ട്. ഏത് ദുരന്തമുണ്ടാകുമ്പോഴും പ്രശംസനീയമായ രീതിയിൽ കർത്തവ്യം നിർവഹിക്കുന്നത് നാട് അംഗീകരിക്കുന്നു. പൊലീസിനെക്കുറിച്ചുള്ള പഴയ ധാരണയ്ക്ക് മാറ്റം വന്നു. ഇത് കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിനെയും ഭാവിതലമുറയെയും ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കാൻ ഗാന്ധിജയന്തി ദിനത്തിൽ ജനകീയ ക്യാമ്പയിന് തുടക്കംകുറിക്കും. യുവതയെ മയക്കുമരുന്നിന് ഇരയാക്കാനുള്ള നീക്കത്തിനെതിരെ പൊലീസും എക്സൈസും പ്രത്യേക ചുമതല വഹിക്കും. ആബാലവൃദ്ധം ജനങ്ങളെയും പങ്കെടുപ്പിച്ചുള്ള ക്യാമ്പയിനാണ് ലഹരിക്കെതിരെ സംഘടിപ്പിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.