തിരുവനന്തപുരം
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണന് അനധികൃത നിയമനം നൽകിയതിൽ മറുപടിയില്ലാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർജിസിബി). നിയമനം സംബന്ധിച്ച ഉദ്യോഗാർഥികളുടെ പരാതിയിൽ സ്ഥാപനം മൗനംതുടരുകയാണ്. ടെക്നിക്കൽ ഓഫീസർ തസ്തികയിൽ ജൂണിൽ ജോലിയിൽ പ്രവേശിച്ച ഹരികൃഷ്ണനെ വിദഗ്ധ പരിശീലനത്തിന്റെ പേരിൽ ഉടൻ ഡൽഹിയിലേക്ക് അയച്ചതിലും ദുരൂഹതയുണ്ട്. നിയമനവിവരം രഹസ്യമാക്കി വയ്ക്കാനായിരുന്നു പതിവിനു വിപരീതമായ ഈ പരിശീലനം.
നിയമനത്തിനു പുറമേ പരീക്ഷയിലും ക്രമക്കേട് നടന്നുവെന്ന ആരോപണമുയരുന്നുണ്ട്. രണ്ടാംഘട്ട പരീക്ഷയിലെ ചോദ്യം തസ്തികയുമായി ബന്ധമില്ലാത്തതായിരുന്നെന്ന് ഉദ്യോഗാർഥികൾ പറയുന്നു. മെക്കാനിക്കൽ/ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് യോഗ്യതയാക്കി വിളിച്ച തസ്തികയിലേക്ക് നടന്ന പരീക്ഷയിലെ ചോദ്യം ബയോടെക്നോളജിയിൽ നിന്നായിരുന്നു. ഹരികൃഷ്ണൻ ഉൾപ്പെടെ നാലുപേർ ലാബ് പരീക്ഷയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച ബയോടെക്നോളജി സ്ഥാപനമായ ആർജിസിബിയുടെ നിലവാരത്തെയും ജീവനക്കാരുടെയും കഴിവിനെയും ചോദ്യംചെയ്യുന്ന തരത്തിൽ കോളേജ് വിദ്യാർഥികൾക്ക് നടത്തുന്ന നിലവാരത്തിലായിരുന്നു ഈ പരീക്ഷ. പ്രഹസനമായി നടത്തിയ ലാബ് പരീക്ഷയ്ക്കുശേഷം ഫലം പുറത്തുവിടാനോ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനോ ആർജിസിബി തയ്യാറായില്ല. പകരം മറ്റ് ഉദ്യോഗാർഥികളാരും അറിയാതെ ഹരികൃഷ്ണനെ നിയമിച്ചു.
നടപടി എന്തായെന്നറിയാൻ സ്ഥാപനത്തിൽ ബന്ധപ്പെട്ടവരോട് നിയമനം നടന്നിട്ടില്ല എന്നാണ് അറിയിച്ചത്. പരീക്ഷാ നടത്തിപ്പിലുൾപ്പെടെ ക്രമക്കേട് നടന്ന സാഹചര്യത്തിൽ സുരേന്ദ്രന്റെ മകന്റെ നിയമനം കൂടുതൽ പ്രതിഷേധത്തിന് വഴിവയ്ക്കും.
വാർത്തയായി; വെബ്സൈറ്റിൽ പേര് പ്രത്യക്ഷപ്പെട്ടു
ഔദ്യോഗിക വെബ്സൈറ്റിൽ സാങ്കേതികവിഭാഗം ജീവനക്കാരുടെ ഭാഗത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണന്റെ പേര് പ്രസിദ്ധപ്പെടുത്തി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർജിസിബി). ശനിയാഴ്ചയാണ് വെബ്സൈറ്റിൽ ഹരികൃഷ്ണന്റെ ഫോട്ടോ അടക്കമുള്ള വിവരം “പ്രത്യക്ഷമായത്’.
മൂന്നുമാസംമുമ്പ് ടെക്നിക്കൽ ഓഫീസറായി നിയമിച്ച ഹരികൃഷ്ണന്റെ വിവരം വെബ്സൈറ്റിൽ ഇല്ലെന്ന് ദേശാഭിമാനി ശനിയാഴ്ച റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. നിയമനം സംബന്ധിച്ച വിവരം മറച്ചുവയ്ക്കാൻ ആർജിസിബി ശ്രമിച്ചതിന് തെളിവാണിത്. ഏപ്രിലിൽ നടത്തിയ ഒഎംആർ പരീക്ഷ, വിവരണാത്മക പരീക്ഷ, ലാബ് പരീക്ഷ എന്നിവയ്ക്കുശേഷം റാങ്കുപട്ടിക പുറത്തുവിടാതെയാണ് ജൂണിൽ ഹരികൃഷ്ണന് നിയമനം നൽകിയിരുന്നത്.