തിരുവനന്തപുരം
ശനി വൈകിട്ട് നാലുവരെയായി സംസ്ഥാനത്തെ 73 ശതമാനം റേഷൻ കാർഡുടമകളും ഓണക്കിറ്റ് കൈപ്പറ്റി. ആകെ 68,16,931 കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്. ശനി മാത്രം 4,51,972 കിറ്റുകൾ നൽകി. എഎവൈ വിഭാഗത്തിൽ 93, പിഎച്ച്എച്ച് വിഭാഗത്തിൽ 91, എൻപിഎസ് വിഭാഗത്തിൽ 77 ശതമാനം കാർഡുടമകൾ കിറ്റ് കൈപ്പറ്റി.
സ്പെഷ്യൽ
ഭക്ഷ്യക്കിറ്റുകൾ
ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങി ഉത്സവസീസണുകളിൽ സ്പെഷ്യൽ ഭക്ഷ്യക്കിറ്റുകൾ തയ്യാറാക്കി വിൽപ്പന നടത്താൻ സപ്ലൈകോ തീരുമാനിച്ചതായി മന്ത്രി ജി ആർ അനിൽ. സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് 1,000 രൂപ നിരക്കിലുള്ള കിറ്റുകളുടെ വിതരണം. ഉപഭോക്താവിന് ഇഷ്ടമുള്ള ഇനങ്ങൾകൂടി തെരഞ്ഞെടുക്കാം.
റാഗിപ്പൊടി വിതരണം
ഈ മാസം അവസാനംമുതൽ
സംസ്ഥാനത്തെ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് ഗോതമ്പിന് പകരം സെപ്തംബർ അവസാനംമുതൽ റാഗിപ്പൊടി വിതരണംചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ആദ്യഘട്ടമായി പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ റേഷൻ കടകൾ വഴിയും മറ്റ് ജില്ലകളിൽ ഒരു പഞ്ചായത്തിൽ ഒരിടത്തുമാകും റാഗി വിതരണം. ആയിരത്തിലധികം ടൺ റാഗിയാണ് സംസ്ഥാനം കേന്ദ്രത്തോട് ആദ്യഘട്ടം ആവശ്യപ്പെട്ടത്. മുൻഗണനേതര വിഭാഗങ്ങൾക്ക് നൽകിവന്ന ഗോതമ്പ് മേയിൽ കേന്ദ്രസർക്കാർ നിർത്തിയിരുന്നു. നടപടി പിൻവലിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. തുടർന്നാണ് ഗോതമ്പിന് പകരം റാഗിയോ കാബൂൾ കടലയോ നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടത്.
1000 രൂപ
ഉത്സവബത്ത
റേഷൻകട ലൈസൻസികൾക്ക് 1000 രൂപ ഉത്സവബത്ത നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. 14,300 പേർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.
കേരള സ്റ്റോർ:
867 ലൈസൻസികൾ തയ്യാർ
റേഷൻകടകളിൽ കൂടുതൽ സൗകര്യവും സേവനങ്ങളും ഉറപ്പാക്കി “കേരള സ്റ്റോർ’ ആക്കി മാറ്റുമെന്ന് മന്ത്രി ജി ആർ അനിൽ. ഇതിന് 867 ലൈസൻസികൾ സന്നദ്ധരായി. കടയുടെ വലുപ്പം 350 മുതൽ 400 ചതുരശ്രയടിയാക്കും. മിനി ബാങ്കിങ്, ഇ സേവനം, യൂട്ടിലിറ്റി ബിൽ പെയ്മെന്റ് സൗകര്യം, ചോട്ടുഗ്യാസ് വിതരണം, മിൽമ ഉൽപ്പന്നങ്ങൾ, ശബരി ഉൽപ്പന്നങ്ങൾ എന്നിവയും കെ സ്റ്റോർ വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗ്രാമീണമേഖലയിലെ റേഷൻകടകളെ ആധുനികവൽക്കരിക്കാൻ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.