ആലപ്പടമ്പ്
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ജനാധിപത്യവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻപിള്ള. ജനാഭിപ്രായ രൂപീകരണത്തിൽ വലിയ പങ്കുവഹിക്കുന്ന മാധ്യമങ്ങൾ വസ്തുതകളെ മറച്ചുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുനയൻകുന്ന് രക്തസാക്ഷിത്വത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ആലപ്പടമ്പിൽ പന്തിഭോജന ചരിത്രസ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ് ആർ പി.
കേരളത്തെ മുന്നോട്ടുനയിക്കുന്ന ഇടതുപക്ഷത്തെ തകർക്കാൻ കോൺഗ്രസ്, ബിജെപി തുടങ്ങി ബൂർഷ്വ–- ഭൂപ്രഭുത്വ വർഗതാൽപര്യമുള്ളവരെല്ലാം ഒരുമിച്ചുനിൽക്കുകയാണ്. ഇവർ മാധ്യമങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുന്നു. കള്ളക്കഥകൾ പ്രചരിപ്പിച്ചും അപ്രധാന വിഷയങ്ങളിലേക്ക് ശ്രദ്ധ ആകർഷിച്ചും അനാവശ്യ വിവാദം സൃഷ്ടിച്ചും ഇടതുപക്ഷവിരുദ്ധ അജൻഡ നടപ്പാക്കുകയാണ്.
മാധ്യമ പ്രവർത്തകരിൽ ഭൂരിഭാഗവും ബിജെപിയുടെ ശമ്പളം പറ്റുന്നവരാണ്. ബിജെപിയുടെ ഭീഷണിക്ക് വഴങ്ങിയാണ് അവർ വസ്തുതാവിരുദ്ധ വാർത്തകൾ നൽകുന്നത്. ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങൾ അവരുടെ യാഥാർഥ ധർമം നിർവഹിക്കണം.വലതുപക്ഷ മാധ്യമങ്ങളുടെ നയസമീപനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കണം. കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതുപോലെ മാധ്യമങ്ങളുടെ ജനാധിപത്യ വിരുദ്ധതയ്ക്കെതിരെയും പ്രതിഷേധിക്കണം. ഇതിനായി പുതിയ സമരമുഖം തുറക്കണം.
ജന്മി, നാടുവാഴിത്വ ശക്തികൾക്കെതിരെയുള്ള മുനയൻകുന്ന് രക്തസാക്ഷിത്വവും ജാതി വിവേചനങ്ങൾക്കെതിരായ പന്തിഭോജനവും നടന്ന മണ്ണാണ് ആലപ്പടമ്പ്. സമരങ്ങളുടെ വിപ്ലവാഭിനിവേശം നെഞ്ചേറ്റുന്ന ഇവിടത്തെ ജനത പുതിയകാലത്തിന്റെ പോരാട്ടങ്ങളിലും അണിനിരക്കണമെന്ന് എസ് ആർ പി പറഞ്ഞു.