തൃശൂർ
അവയവം ദാനംചെയ്ത കേന്ദ്ര സർക്കാർ ജീവനക്കാരന് പ്രത്യേക അവധി നല്കി കേന്ദ്ര ട്രിബ്യൂണൽ എറണാകുളം ബെഞ്ച് ഉത്തരവിട്ടു. അക്കൗണ്ടന്റ് ജനറലോഫീസിലെ എൻ ബി പരമേശ്വരനാണ് ട്രിബ്യൂണലിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചത്. ജസ്റ്റിസ് കെ ഹരിപാൽ അംഗമായ ബെഞ്ചാണ് മാനുഷിക മൂല്യം ഉയർത്തിപ്പിടിച്ച വിധി പ്രസ്താവിച്ചത്. വൃക്ക ദാനത്തെത്തുടർന്ന് നിർബന്ധ വിശ്രമത്തിന് വിധേയമായ അവധി, പ്രത്യേക അവധിയാക്കാൻ നല്കിയ അപേക്ഷ സി ആൻഡ് എജി നിരസിച്ചിരുന്നു.
വൃക്കരോഗികളുടെ യാതനകളറിഞ്ഞ പരമേശ്വരൻ വൃക്ക ദാനംചെയ്യാനുള്ള സന്നദ്ധത കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നു. നിരന്തരം ഡയാലിസിസിന് വിധേയനായിരുന്ന ഓട്ടോത്തൊഴിലാളിക്കാണ് പരമേശ്വരൻ വൃക്ക ദാനംചെയ്തത്. 2019 ജനുവരിയിലെ ശസ്ത്രക്രിയക്ക് ശേഷം ഡോക്ടർമാർ 36 ദിവസത്തെ നിർബന്ധ വിശ്രമം നിർദേശിച്ചു. ഈ അവധിയാണ് പ്രത്യേക അവധിയായി പരിഗണിക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടത്.
സംസ്ഥാന സർക്കാർ വൃക്ക ദാനത്തിന് 90 ദിവസത്തെ പ്രത്യേക ആകസ്മിക അവധി നൽകുന്നുണ്ട്. എന്നാൽ, കേന്ദ്രം അനുവദിക്കുന്നില്ല. സ്പോർട്സിനടക്കം സ്പെഷ്യൽ കാഷ്വൽ ലീവ് നൽകുന്ന കേന്ദ്രം അവയവദാനംപോലുള്ളവ പ്രോത്സാഹിപ്പിക്കണം. ഇതിനാവശ്യമായ നിയമം നിർമിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു. അപേക്ഷകന് വേണ്ടി അഡ്വ. സി എസ് ഗോപാലകൃഷ്ണൻ നായർ ഹാജരായി.