തിരുവനന്തപുരം
ജനപക്ഷ നിലപാടുകളോടെ കാര്യക്ഷമമായി നിയമം നിർമിക്കുന്ന മഹത്തായ നിയമസഭയാണ് കേരളത്തിന്റേതെന്ന് എം ബി രാജേഷ് പറഞ്ഞു. സ്പീക്കർ എന്നനിലയിലെ 15 മാസത്തെ പ്രവർത്തനം വലിയ അനുഭവവും പാഠവുമായിരുന്നുവെന്നും ഡെപ്യൂട്ടി സ്പീക്കർക്ക് രാജിക്കത്ത് കൈമാറിയശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഈ കാലയളവിൽ 83 ദിവസം സഭ സമ്മേളിച്ചു. കഴിഞ്ഞവർഷം 61 ദിനം സമ്മേളിച്ചു. രാജ്യത്തുതന്നെ ഉയർന്ന കണക്കാണിത്. പാർലമെന്റ് സമ്മേളന ദിനങ്ങളും ഇതിനേക്കാൾ കുറവാണ്. 65 നിയമം പാസാക്കി. സർക്കാർ നടപടികൾ പൂർത്തിയാക്കുന്നതിനൊപ്പം പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കാനും അവസരം നൽകി. സഭാനേതാവ് മുഖ്യമന്ത്രി അടക്കമുള്ളവർ മികച്ച പിന്തുണയേകി.
അഖിലേന്ത്യാ വനിതാ സാമാജിക സമ്മേളനത്തിന് രാഷ്ട്രപതിയുടെയും ലോക്സഭാ സ്പീക്കറുടെയുമടക്കം അഭിനന്ദനം ലഭിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ നടത്തിയ ചരിത്ര പ്രദർശനത്തിൽ 6000 പേർ പങ്കെടുത്തു. 140 മണ്ഡലത്തിലും പ്രദർശനം നടത്തുകയാണ്. മാധ്യമപ്രവർത്തകർക്കുള്ള ഓറിയന്റേഷൻ പരിപാടി 19ന് നടക്കും. ലൈബ്രറി, മ്യൂസിയം എന്നിവയുടെ നവീകരണവും പമ്പ ബ്ലോക്കിന്റെ നിർമാണവും ഇക്കാലയളവിൽ ആരംഭിച്ചതായും എം ബി രാജേഷ് പറഞ്ഞു.