തിരുവനന്തപുരം
നിർമാണം പൂർത്തിയാക്കി ആറ് മാസത്തിനകം റോഡ് തകർന്നാൽ എൻജിനിയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കും. സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള കർശന നടപടിയുടെ ഭാഗമായാണിത്. ഇത് സംബന്ധിച്ച് ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകണമെന്നും പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണിത് .
നിർമാണം പൂർത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡ് ഒരു വർഷത്തിനിടെ തകർന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടണം.
ഇതിൽ അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണം. മനഃപൂർവമോ ഉത്തരവാദിത്വമില്ലായ്മയോമൂലമുള്ള വീഴ്ച കണ്ടെത്തിയാലും നടപടി സ്വീകരിക്കും. കനത്ത മഴ ഉൾപ്പെടെയുള്ള കാരണങ്ങളാൽ റോഡ് തകർന്നാൽ നടപടി ബാധകമാകില്ല. വിജിലൻസായിരിക്കും നടപടി സ്വീകരിക്കുകയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.