കൊച്ചി
കേരള മീഡിയ അക്കാദമി മികച്ച മുഖപ്രസംഗത്തിന് ഏർപ്പെടുത്തിയ വി കരുണാകരൻ നമ്പ്യാർ അവാർഡ് ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായി മന്ത്രി പി രാജീവിൽനിന്ന് ഏറ്റുവാങ്ങി. 25,000 രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് അവാർഡ്. മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് വി പി നിസാർ (മംഗളം), മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് വാർത്തയ്ക്കുള്ള എൻ എൻ സത്യവ്രതൻ അവാർഡ് റെജി ജോസഫ് (ദീപിക), പ്രാദേശിക പത്രപ്രവർത്തകനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ് സോജൻ വാളൂരാൻ (മാതൃഭൂമി, വൈപ്പിൻ), ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള അവാർഡ് വിമിത്ത് ഷാൽ (മെട്രോവാർത്ത), ദൃശ്യമാധ്യമ പ്രവർത്തനത്തിനുള്ള അവാർഡ് ആർ പി വിനോദ് (ഏഷ്യാനെറ്റ് ന്യൂസ്), ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള പ്രത്യേക പുരസ്കാരം തുളസി കക്കാട്ട് (ദി ഹിന്ദു) എന്നിവർ ഏറ്റുവാങ്ങി.
കേരളത്തിലെ മികച്ച കലാലയ മാഗസിന് അക്കാദമി നൽകുന്ന മുഖ്യമന്ത്രിയുടെ ട്രോഫി കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ‘താരി’ക്ക് ലഭിച്ചു. തിരൂരങ്ങാടി പിഎസ്എംഒ കോളേജിന്റെ എർമ്പിന് രണ്ടാംസ്ഥാനവും വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളേജിന്റെ ‘അകായിൽനിന്നുള്ള ഒച്ചകൾ’ മൂന്നാംസ്ഥാനവും മലയാളം സർവകലാശാലയുടെ ‘ചാവരുൾ’ പ്രോത്സാഹന സമ്മാനവും നേടി. മീഡിയ അക്കാദമിയുടെ കോഴ്സുകളിൽ റാങ്ക് നേടിയവർക്കും മന്ത്രി പുരസ്കാരം നൽകി.
അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി. ഉമ തോമസ് എംഎൽഎ വിശിഷ്ടാതിഥിയായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. കെ രാജഗോപാൽ കോൺവൊക്കേഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ, കൗൺസിൽ അംഗം സ്മിത ഹരിദാസ്, സീനിയർ ഫാക്കൽറ്റി കെ ഹേമലത എന്നിവർ സംസാരിച്ചു.