ആലപ്പുഴ
ചേർത്തല ഓട്ടോകാസ്റ്റിന് ഒരു അഭിമാനനേട്ടം കൂടി. ഉത്തര റെയിൽവേയ്ക്കുവേണ്ടി നിർമിച്ച കാസ്നബ് ബോഗികളെല്ലാം കൈമാറി ഓർഡർ ഒ കെ ആക്കി. കരാർപ്രകാരമുള്ള അവസാനഘട്ടത്തിലെ 11 ബോഗികളാണ് കഴിഞ്ഞദിവസം അമൃത്സറിലെ സെൻട്രൽ വർക്ക്ഷോപ്പിലേക്ക് അയച്ചത്. ഉത്തര റെയിൽവേയിൽനിന്ന് ലഭിച്ച 31 ബോഗികളുടെ ഓർഡറാണ് ഇതോടെ പൂർത്തിയാക്കിയത്.
സ്വകാര്യ കുത്തകകളോട് മത്സരിച്ചാണ് ബോഗി നിർമാണ കരാർ ഓട്ടോകാസ്റ്റ് നേടിയത്. ഉത്തര റെയിൽവേയുടെ കഴിഞ്ഞതോടെ ഇനി കൈമാറാനുള്ളത് 229 ബോഗികളാണ്. ദക്ഷിണ റെയിൽവേയുടെ 94 ബോഗികളുടെ നിർമാണം പുരോഗമിക്കുന്നു. കിഴക്കൻ മധ്യ റെയിൽവേയുമായി 13 ബോഗികളുടെ കരാറുണ്ട്. റെയിൽവേയുടെ എറ്റവും വലിയ വാഗൺ നിർമാണ ശാലകളിലൊന്നും പൊതുമേഖലാ സ്ഥാപനവുമായ ബംഗാളിലെ ബ്രൈത്ത്വൈറ്റുമായും കരാറുണ്ട്. 122 കാസ്നബ് ബോഗികൾ നിർമിക്കാനാണ് കരാർ. നേരത്തെ വിവിധ റെയിൽവേ സോണുകളിൽനിന്ന് ഓർഡർ ലഭിച്ചെങ്കിലും ഒരു വാഗൺ നിർമാണശാല നേരിട്ട് നിർമാണകരാർ നൽകുന്നത് ആദ്യമായായിരുന്നു.
2020ലാണ് ബോഗി നിർമാണത്തിനുള്ള കരാർ ഓട്ടോകാസ്റ്റിന് ലഭിച്ചത്. അഞ്ചെണ്ണത്തിനായിരുന്നു ആദ്യ ഓർഡർ. ഇതിന് മുന്നോടിയായി 10 കോടി രൂപ മുടക്കി സ്റ്റീൽ കാസ്റ്റിങ് ലൈൻ, മെഷീൻ ഷോപ് എന്നിവ സ്ഥാപിച്ചു. പരിശോധന നടത്തിയ റെയിൽവേയുടെ റിസർച്ച് ഡിസെെൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ക്ലാസ്വൺ ഫൗണ്ടറിയായി അംഗീകരിച്ചു. ഇതോടെയാണ് ബോഗിനിർമാണത്തിനുള്ള ടെൻഡറിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. കഴിഞ്ഞവർഷം മെയ് എട്ടിന് ആദ്യബോഗി അമൃത്സറിലേക്ക് അയച്ചു. 260 ബോഗി നിർമിക്കാനുള്ള കരാറാണ് ഇതുവരെ ഓട്ടോകാസ്റ്റിന് ലഭിച്ചത്.