ന്യൂഡൽഹി
ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥ ആയതായി ബ്ലൂംബെർഗ് റിപ്പോർട്ട്. 2022 മാർച്ചുവരെയുള്ള കണക്കുകൾ പ്രകാരം 854.7 ശതകോടി ഡോളറാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ മൂല്യം. ബ്രിട്ടന്റേത് 816 ശതകോടി ഡോളർമാത്രം. ഇന്ത്യക്കു മുന്നിൽ യുഎസ്, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളാണ് ഉള്ളത്.
ഐഎംഎഫ് കണക്കുകൾ പ്രകാരവും വിനിമയനിരക്കുകളിലെ മാറ്റങ്ങളും പരിഗണിച്ചാണ് വിലയിരുത്തലെന്ന് ബ്ലൂംബെർഗ് അറിയിച്ചു. ആളോഹരി വരുമാനം, മനുഷ്യവികസനസൂചിക, ദാരിദ്ര്യം, ആരോഗ്യസംരക്ഷണം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ ഇന്ത്യ ബ്രിട്ടനേക്കാൾ ഇപ്പോഴും ഏറെ പിന്നിലാണ്.
ബ്രിട്ടന്റെ ജനസംഖ്യയുടെ 20 ഇരട്ടിയാണ് ഇന്ത്യയുടെ ജനസംഖ്യയെന്നതും സമ്പദ്വ്യവസ്ഥയിൽ മുന്നിലെത്തുന്നതിൽ ഘടകമാണ്. സമ്പദ്വ്യവസ്ഥയിൽ പിന്നാക്കം പോയത് ബ്രിട്ടീഷ് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർടിക്ക് തിരിച്ചടിയാണ്. രാജിവച്ച ബോറിസ് ജോൺസണിനു പകരം തിങ്കളാഴ്ച പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കാനിരിക്കെയാണ് റിപ്പോർട്ട് പുറത്തുവന്നത്.