ഗുവാഹത്തി
എൻഡിഎ വിട്ട് ബിഹാറിൽ മഹാസഖ്യ സർക്കാർ രൂപീകരിച്ച ജെഡിയു നേതാവ് നിതീഷ് കുമാറിനോട് പകരം വീട്ടാൻ ബിജെപിയുടെ കുതിരക്കച്ചവടം വീണ്ടും. മണിപ്പുരിലെ 5 ജെഡിയു എംഎൽഎമാർ വെള്ളിയാഴ്ച രാജിവച്ച് ബിജെപിയിൽ ചേർന്നു. മണിപ്പുരിൽ നടന്നത് പണാധിപത്യമാണെന്നും ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പറഞ്ഞു. അഞ്ച് ജെഡിയു എംഎൽഎമാർ ബിജെപിയിൽ ചേർന്നതിന് സ്പീക്കർ അംഗീകാരം നൽകിയതായി മണിപ്പുർ നിയമസഭാ സെക്രട്ടറി കെ മേഘജിത്ത് സിങ് അറിയിച്ചു. 2020ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള ഏഴ് ജെഡിയു എംഎൽഎമാരിൽ ആറു പേർ ബിജെപിയിൽ ചേർന്നിരുന്നു. അരുണാചലിൽ ശേഷിച്ചിരുന്ന ഏക ജെഡിയു എംഎൽഎ ഈ വർഷം ബിജെപിയിൽ ചേർന്നു. അതേസമയം, തിങ്കളാഴ്ച ഡൽഹിയിലേക്ക് പോകുന്ന നിതീഷ് കുമാർ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.