തിരുവനന്തപുരം
ബുദ്ധിയും ഹൃദയവും ശരിയായ നിലയിൽ സന്തുലിതമായി പ്രവർത്തിച്ച നീതിബോധമുള്ള നിയമജ്ഞനായിരുന്നു ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെന്ന് നിയുക്തമന്ത്രി എം ബി രാജേഷ് പറഞ്ഞു. ലോ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്പീക്കർ എന്ന നിലയിൽ എം ബി രാജേഷ് പങ്കെടുത്ത അവസാന പൊതുപരിപാടിയായിരുന്നു ഇത്.
ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ നിയമത്തിന്റെയല്ല നീതിയുടെ വക്താവായിരുന്നു. ഭരണഘടന മതാചാരങ്ങൾക്കും മുകളിലാണെന്നും തുല്യതയെ മാനിക്കാത്ത ഒരു നിയമവും സാധുവല്ലെന്നും ജസ്റ്റിസ് കൃഷ്ണയ്യർ ഉറപ്പിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ഭരണഘടനയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കൂറുമാണ് കൃഷ്ണയ്യരിൽനിന്ന് നമ്മൾ ഏറ്റുവാങ്ങേണ്ട പിന്തുടർച്ച. അതുകൊണ്ടാണ് നിയമസഭാ സ്പീക്കറായപ്പോൾ ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ നടപടിക്രമങ്ങൾ മുഴുവൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണമെന്നത്. ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75––ാം വാർഷികമായ 2025 ജനുവരി 26ന് പരിഭാഷ പൂർത്തിയാക്കുന്ന രീതിയിലാണ് ജോലികൾ പുരോഗമിക്കുന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.
50,000 രൂപയും മെമന്റോയും പ്രശസ്തിപത്രവുമടങ്ങിയ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരം സുപ്രീംകോടതി അഭിഭാഷകൻ മഹേഷ് ചന്ദ്ര മേത്തയ്ക്ക് എം ബി രാജേഷ് സമ്മാനിച്ചു. ലോ ട്രസ്റ്റ് രക്ഷാധികാരി എം ഷഹീദ് അഹമ്മദ് അധ്യക്ഷനായി. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എൻ നഗരേഷ്, ജസ്റ്റിസ് എ ബദറുദ്ദീൻ, ബാർ കൗൺസിൽ ചെയർമാൻ കെ എൻ അനിൽകുമാർ, കെ പി ജയചന്ദ്രൻ, ഡോ. എൻ കെ ജയകുമാർ, സ്വീനാ നായർ, എസ് അജിത്ത്, കെ പ്രേമകുമാർ, പി സന്തോഷ്കുമാർ, ജോസഫ് ജോൺ എന്നിവർ സംസാരിച്ചു.