തിരുവനന്തപുരം
വിദ്യാസമ്പന്നരിലെ തൊഴിൽ അഭിരുചി ഉയർത്താൻ വൻ പരിശീലന പദ്ധതിയുമായി കേരള നോളജ് ഇക്കണോമി മിഷൻ. സൗകര്യങ്ങൾക്കും അധ്യാപക പരിശീലനത്തിനുമടക്കം കിഫ്ബി 2000 കോടി രൂപ നൽകും. പദ്ധതി രേഖയ്ക്ക് മിഷൻ അംഗീകാരം നൽകി. സഹകരിക്കാൻ 354 ഏജൻസിയും ഏഴ് സർവകലാശാലയും സമ്മതമറിയിച്ചു.
സംസ്ഥാനത്തെ 45 ലക്ഷം അഭ്യസ്തവിദ്യരിൽ 29,46,420 പേർക്ക് അഞ്ചുവർഷത്തിനുള്ളിൽ നൈപുണ്യ പരിശീലനം നൽകും. എല്ലാ സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കും. വിവിധ മേഖലയിൽ പരിശീലന സൗകര്യം വികസിപ്പിച്ച് മികവിന്റെ കേന്ദ്രങ്ങൾ രൂപപ്പെടുത്തും. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെയും കളമശേരിയിലെയും ബോഷ് റെക്സ്റോത്ത് സെന്റർ ഓഫ് എക്സലൻസ് മാതൃകയാക്കും. ഐബിഎം, സീമെൻസ്, ജനറൽ മോട്ടോഴ്സ്, ഷ്നീഡർ, ഏണസ്റ്റ് ആൻഡ് യങ് തുടങ്ങിയ വൻകിട കമ്പനികളുടെ പങ്കാളിത്തവും ഉറപ്പാക്കും.
അസാപ്പ്, കെയ്സ്, കുടുംബശ്രീ, ഐസിടി അക്കാദമി, കെൽട്രോൺ, സിഡിറ്റ്, സിഡാക്, നിയിലിറ്റ് എന്നിവയിലൂടെ പ്രതിവർഷം 80,000 മുതൽ ഒരുലക്ഷം പേർക്ക് നൈപുണ്യ പരിശീലനം നൽകാം. നാനൂറോളം അക്രഡിറ്റ് സ്വകാര്യ സ്ഥാപനങ്ങളിലൂടെ 60,000 പേർക്കും. ആർട്സ് ആൻഡ് സയൻസ്, എൻജിനിയറിങ്, പോളിടെക്നിക് കോളേജുകളെ തൊഴിൽ പരിശീലന അക്കാദമിയായി മാറ്റി കൂടുതൽപേർക്ക് പരിശീലനം നൽകാനാണ് പദ്ധതി. അധ്യാപകർക്ക് പരിശീലനവും സ്കോളർഷിപ്പും ഉറപ്പാക്കും. വിജയകരമായി പൂർത്തിയാക്കുന്നവർ നോളജ് മിഷന്റെ അക്രഡിറ്റേഷനുള്ള പരിശീലകരാകും.