ദുബായ്
ആറുദിവസത്തിനിടെ രണ്ടാംതവണ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം. ഏഷ്യാകപ്പ് ട്വന്റി–-20 ക്രിക്കറ്റിൽ സൂപ്പർ ഫോറിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ വീഴ്ത്തിയിരുന്നു. പിന്നാലെ, ഹോങ്കോങ്ങിനെയും മറികടന്നു. ചാമ്പ്യന്മാരായാണ് മുന്നേറിയത്. എന്നാൽ, ഇന്ത്യക്കെതിരായ തോൽവി മറക്കുന്ന പ്രകടനമായിരുന്നു പാകിസ്ഥാൻ പിന്നീട് നടത്തിയത്. ഹോങ്കോങ്ങിനെ 155 റണ്ണിന് തരിപ്പണമാക്കി ബാബർ അസമും സംഘവും.
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് പോരാട്ടം.
പാക് പടയെ ആദ്യകളിയിൽ മറികടന്നെങ്കിലും ആധികാരികമായിരുന്നില്ല ഇന്ത്യൻ ജയം. ബാറ്റിങ് നിര ക്ഷീണംകാട്ടി. ഹോങ്കോങ്ങിനെതിരെയും തുടക്കം നന്നായില്ല. ഓപ്പണിങ് കൂട്ടുകെട്ടിൽ ക്യാപ്റ്റൻ രോഹിത് ശർമയും -ലോകേഷ് രാഹുലും മിന്നിയില്ലെങ്കിൽ തിരിച്ചടിയാകും. സൂര്യകുമാർ യാദവിന്റെ തകർപ്പൻ ഫോം ഇന്ത്യക്ക് ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞകളിയിൽ പുറത്തിരുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തും. വിരാട് കോഹ്ലി തിരിച്ചുവരവിന്റെ എല്ലാ സൂചനകളും കാണിക്കുന്നുണ്ട്. ഇന്ന് കോഹ്ലിയുടെ ഇന്നിങ്സും നിർണായകമാകും.
പരിചയസമ്പന്നനായ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായതാണ് മറ്റൊരു തിരിച്ചടി. ജഡേജയ്ക്കുപകരം അക്സർ പട്ടേൽ കളിച്ചേക്കും. ടീമിൽ മറ്റ് മാറ്റങ്ങളുണ്ടാകില്ല.
ബൗളർമാരിലൂടെ ഇന്ത്യയെ പിടിക്കാമെന്നാണ് പാകിസ്ഥാന്റെ കണക്കുകൂട്ടൽ. ഹോങ്കോങ്ങിനെ 38 റണ്ണിന് കൂടാരംകയറ്റിയാണ് അവർ എത്തുന്നത്. പേസർമാരും സ്പിന്നർമാരും ഒരേപോലെ അപകടകാരികൾ. പത്തൊമ്പതുകാരൻ നസീം ഷായാണ് പേസ്നിര നയിക്കുന്നത്. നസീമിനുമുന്നിൽ ഇന്ത്യൻ ബാറ്റർമാർ പതറിയിരുന്നു. ആദ്യ ഓവറുകളിൽ നസീമിനെ അതിജീവിക്കുക എന്നതാണ് ഇന്ത്യയുടെ വെല്ലുവിളി. ഹാരിസ് റൗഫാണ് നസീമിന് കൂട്ട്. പരിക്കേറ്റ ഷാനവാസ് ദഹാനി കളിക്കില്ല. സ്പിന്നർമാരായ ഷദാബ് ഖാനും മുഹമ്മദ് നവാസും മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ മിടുക്കരാണ്. ബാറ്റിങ്ങിൽ മുഹമ്മദ് റിസ്വാൻ മികവ് തുടരുന്നു. എന്നാൽ, ബാബർ മങ്ങുന്നത് പാകിസ്ഥാനെ അലട്ടുന്നുണ്ട്.