ആലപ്പുഴ
പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ ഞായറാഴ്ച തീപാറും പോരാട്ടം. 68–-ാമത് നെഹ്റുട്രോഫി ജലമേള അരങ്ങേറുന്ന ആലപ്പുഴയിൽ വഞ്ചിപ്പാട്ടിന്റെ ഈരടികളും ആർപ്പുവിളിയും ആവേശം വിതയ്ക്കും. പകൽ 11ന് മത്സരം തുടങ്ങും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. പകൽ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ജലമേള ഉദ്ഘാടനംചെയ്യും.
ഒമ്പത് വിഭാഗങ്ങളിലായി 77 വള്ളങ്ങളാണ് ഇക്കുറി മാറ്റുരയ്ക്കുക. ഉദ്ഘാടന സമ്മേളനത്തിനുശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം. ഫൈനൽ മത്സരങ്ങൾ വൈകിട്ട് നാലുമുതൽ അഞ്ചുവരെ നടക്കും. 20 ചുണ്ടൻവള്ളങ്ങളും ചുരുളൻ മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ് -അഞ്ച്, ഇരുട്ടുകുത്തി ബി ഗ്രേഡ് -16, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് ഒമ്പത്, വെപ്പ് ബി ഗ്രേഡ് -ഒമ്പത്, തെക്കനോടി (തറ) -മൂന്ന്, തെക്കനോടി (കെട്ട്)- മൂന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്ന വള്ളങ്ങൾ.
ഗതാഗത നിയന്ത്രണം
നെഹ്റുട്രോഫി വള്ളംകളി നടക്കുന്നതിനാൽ ഞായറാഴ്ച ആലപ്പുഴ നഗരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജനറൽ ആശുപത്രി ജങ്ഷന് വടക്കുഭാഗംമുതൽ കൈചൂണ്ടി ജങ്ഷൻ, കൊമ്മാടി ജങ്ഷൻവരെയുള്ള റോഡരികുകളിൽ രാവിലെ ആറുമുതൽ പാർക്കിങ് അനുവദിക്കില്ല. അനധികൃതമായി പാർക്കുചെയ്യുന്നവ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കും. ഉടമയിൽനിന്ന് പിഴ ഈടാക്കും.
രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ജില്ലാക്കോടതി വടക്കേ ജങ്ഷൻമുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജങ്ഷൻവരെ വാഹനഗതാഗതം അനുവദിക്കില്ല. വൈഎംസിഎ തെക്കേ ജങ്ഷൻമുതൽ കിഴക്ക് ഫയർഫോഴ്സ് ഓഫീസ് വരെ കെഎസ്ആർടിസി ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതം അനുവദിക്കില്ല.
പാർക്കിങ് സൗകര്യം
വള്ളംകളി കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്കുചെയ്യാൻ എസ്ഡിവി, കാർമൽ, സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടുകളിൽ സൗകര്യം ഒരുക്കി. തണ്ണീർമുക്കം–-ആലപ്പുഴ റോഡിലൂടെ വടക്കുനിന്ന് വരുന്ന വാഹനങ്ങളും എറണാകുളം ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ വരുന്നവയും കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജങ്ഷൻ വഴി എസ്ഡിവി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ചങ്ങനാശേരി ഭാഗത്തുനിന്ന് കൈതവനയിലൂടെ വരുന്നവ കാർമൽ, സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം.