സാന്തിയാഗോ
ചരിത്രം തിരുത്തിയെഴുതാനുള്ള വിധിയെഴുത്തിനൊരുങ്ങി തെക്കേ അമേരിക്കൻ രാജ്യമായ ചിലി. പുതിയ ഭരണഘടന അംഗീകരിക്കണമോ എന്നവിഷയത്തിൽ രാജ്യത്ത് ഞായറാഴ്ച ഹിതപരിശോധന. ഒന്നരക്കോടിയോളം പേർ വിധിയെഴുത്തിൽ പങ്കാളിയാകും. അസമത്വം അടിച്ചേൽപ്പിച്ച അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യകാലത്തെ ഭരണഘടന മാറ്റിയെഴുതിയിരിക്കുകയാണ് പുതിയ ഭരണഘടനാ സമിതി. നവ ഉദാരവൽക്കരണനയം ഉൾച്ചേർന്ന 1980ലെ ഭരണഘടനയ്ക്ക് പകരം എല്ലാവിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന പുതിയ ഭരണഘടനയ്ക്കാണ് രൂപം നൽകിയിരിക്കുന്നത്. 155 അംഗ ഭരണഘടനാ നിർമാണസമിതിയിൽ 106 പേരുടെ പിന്തുണ പുതിയ ഭരണഘടനയ്ക്ക് ലഭിച്ചു. ഹിതപരിശോധനയിൽ ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടനയ്ക്ക് അന്തിമ അംഗീകാരം ലഭിക്കും.
രാജ്യത്തിന് പുതിയ ഭരണഘടന എന്നത് യുവ വിപ്ലവകാരി ഗബ്രിയേൽ ബോറിക്കിന്റെ നേതൃത്വത്തിൽ നവംബറിൽ അധികാരമേറ്റ ഇടതുപക്ഷ സർക്കാരിന്റെ മുഖ്യവാഗ്ദാനമാണ്. സമ്പത്ത് തുല്യമായി വീതംവയ്ക്കുക, പൗരന്മാരുടെ സാമൂഹ്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, ലിംഗസമത്വം ഉറപ്പാക്കുക, ആദിവാസി ജനവിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന എന്നിവ പുതിയ ഭരണഘടനയുടെ അന്തഃസത്തയാണ്. സംഘടിക്കാനും വിലപേശാനുമുള്ള അവകാശം ഭരണഘടന വാഗ്ദാനം ചെയ്യുന്നു. ട്രേഡ് യൂണിയൻ രൂപീകരിക്കാനും പണിമുടക്കാനും പുതിയ ഭരണഘടന അനുവാദം നൽകുന്നു. പിനോച്ചെയുടെ ഭരണഘടനയിൽ ഇതുണ്ടായിരുന്നില്ല.
പ്രകൃതി വിഭവങ്ങൾ ആദിവാസി ജനതയ്ക്ക് യഥേഷ്ടം ഉപയോഗിക്കാമെന്ന് പുതിയ ഭരണഘടന ഉറപ്പു നൽകുന്നു. പ്രകൃതിസംരക്ഷണവും കാലാവസ്ഥാ മാറ്റത്തെ തടയലും ദൗത്യമായി ഏറ്റെടുക്കുന്നു. ഡിജിറ്റൽ കണക്ഷൻ പൗരന്റെ അവകാശമായി മാറ്റും. 2020 ഒക്ടോബറിൽ ഭരണഘടന ഭേദഗതി ചെയ്യണോ എന്ന ഹിതപരിശോധനയിലും 2021ൽ കരട് ഭരണഘടന തയ്യാറാക്കുന്ന സമിതി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ഹിതപരിശോധനയിലും രാജ്യത്തെ 80 ശതമാനത്തോളം ആളുകളാണ് പങ്കെടുത്തത്.