കൊച്ചി
നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശിപ്പിച്ചു. ഐഎൻഎസ് വിക്രാന്തിന്റെ കമീഷനിങ്ങിനൊപ്പമാണ് പതാക പുറത്തിറക്കിയത്. ഛത്രപതി ശിവജിയുടെ മുദ്രയെ ഓർമിപ്പിക്കുന്ന ഘടകങ്ങൾ കൂട്ടിച്ചേർത്താണ് പുതിയ പതാക. മുകളിൽ ദേശീയപതാക. നീല അഷ്ടഭുജാകൃതിയിലുള്ള കവചത്തിൽ അശോകസ്തംഭവും നങ്കൂരചിഹ്നവും. ദേവനാഗരി ലിപിയിൽ ‘ഷാം നോ വരുണ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ‘വരുണദേവാ ഞങ്ങളെ അനുഗ്രഹിക്കൂ’ എന്നാണ് അർഥം. അഷ്ടഭുജാകൃതിയിലുള്ള കവചം ഇന്ത്യൻ നാവികസേനയുടെ വ്യാപ്തിയെയും ബഹുമുഖ പ്രവർത്തനശേഷിയെയും പ്രതിനിധീകരിക്കുന്നു. നങ്കൂരചിഹ്നം ദൃഢനിശ്ചയത്തെയും. 10 രൂപമാതൃകകളിൽനിന്നാണ് പതാക തെരഞ്ഞെടുത്തത്.
വെളുത്ത പതാകയിൽ നെറുകയും കുറുകയും ചുവന്നവരയും (സെന്റ് ജോർജ് ക്രോസ്) ഇവ യോജിക്കുന്നിടത്ത് അശോകസ്തംഭവും ഇടതുവശത്ത് മുകളിലായി ദേശീയപതാകയും ചേർന്നതായിരുന്നു നേരത്തേയുണ്ടായിരുന്ന പതാക. സ്വാതന്ത്ര്യശേഷം നാലാംതവണയാണ് നാവികസേന പതാകയിലെ മാറ്റം.