കൊച്ചി
ഓണസിനിമകളിലെ ആദ്യറിലീസിന് മികച്ച പ്രതികരണമെന്ന് തിയറ്റർ ഉടമകൾ. വർഷത്തിന്റെ രണ്ടാംപകുതിയോടെ തിയറ്ററുകളിലുണ്ടായ ഉണർവ് ഓണക്കാലത്തെത്തുന്ന താരചിത്രങ്ങളിലൂടെ നിലനിർത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് തിയറ്ററുടമ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു.
ഓണനാളിലെ ആദ്യവെള്ളിയാഴ്ച റിലീസായ പ്രധാന സിനിമ ബേസിൽ ജോസഫ് നായകനായ ‘പാൽതു ജാൻവർ’ ആണ്. മുന്നൂറോളം സ്ക്രീനുകളിലായിരുന്നു റിലീസ്. ‘അവഞ്ചേഴ്സ്’ എന്ന ചെറുസിനിമയും എത്തി. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ പങ്കാളിയായ ഭാവന സ്റ്റുഡിയോസ് നിർമിച്ച ‘പാൽതു ജാൻവർ’ പുതുതലമുറ പ്രേക്ഷകരെ ആകർഷിക്കുന്നതാണെന്ന് വിജയകുമാർ പറഞ്ഞു. ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ എന്നിവരാണ് മറ്റു വേഷങ്ങളിൽ. സംഗീത് പി രാജനാണ് സംവിധായകൻ.
കുഞ്ചാക്കോ ബോബൻ നായകനായ ‘ഒറ്റ്’ ഇതോടൊപ്പം റിലീസാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും എട്ടിലേക്ക് മാറ്റി. നേരം, പ്രേമം എന്നീ ചിത്രങ്ങളുടെ സംവിധായകൻ അൽഫാൺസ് പുത്രന്റെ ‘ഗോൾഡ്’ ആണ് റിലീസ് മാറ്റിയ മറ്റൊരു പ്രധാന ചിത്രം. എട്ടിനാണ് റിലീസ് തീരുമാനിച്ചിരുന്നത്. പുതിയ തീയതിയായിട്ടില്ല. വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’, എൻ ശ്രീജിത് സംധിയകനായ ‘ഒരു തെക്കൻ തല്ലുകേസ്’ എന്നിവയാണ് തിരുവോണത്തിന് എത്തുന്ന പ്രധാന ചിത്രങ്ങൾ. ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചരിത്രസിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളികളിലും പ്രദർശനത്തിനെത്തും.
ജി ആർ ഇന്ദുഗോപൻ തിരക്കഥ എഴുതിയ ഒരു തെക്കൻ തല്ല് കേസിൽ ബിജു മേനോനും പത്മപ്രിയയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. തിയറ്ററുകളിലുള്ള തല്ലുമാല, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങൾക്ക് ഇപ്പോഴും തിരക്കുണ്ട്.