ആലപ്പുഴ
68–-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കലക്ടർ വി ആർ കൃഷ്ണതേജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞായർ പകൽ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ജലമേള ഉദ്ഘാടനംചെയ്യും. ഒമ്പത് വിഭാഗങ്ങളിലായി 77 വള്ളം ഇക്കുറി മാറ്റുരയ്ക്കും. 20 ചുണ്ടൻവള്ളങ്ങളും ചുരുളൻ മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ് -അഞ്ച്, ഇരുട്ടുകുത്തി ബി ഗ്രേഡ് -16, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് ഒമ്പത്, വെപ്പ് ബി ഗ്രേഡ് -ഒമ്പത്, തെക്കനോടി (തറ) -മൂന്ന്, തെക്കനോടി (കെട്ട്)- മൂന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്ന വള്ളങ്ങൾ. ചുണ്ടൻവള്ളങ്ങളുടേതുപോലെ ഇത്തവണ ആദ്യമായി ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുക.
പകൽ11ന് മത്സരം തുടങ്ങും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. പകൽ രണ്ടിന് ഉദ്ഘാടന സമ്മേളനത്തിനുശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിക്കും. വൈകിട്ട് നാലുമുതൽ അഞ്ചുവരെ ഫൈനൽ മത്സരങ്ങൾ.ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ അഞ്ചു ഹീറ്റ്സുകളുണ്ട്. ഓരോ ഹീറ്റ്സിലും നാലുവള്ളം വീതം മത്സരിക്കും. മികച്ച സമയംകുറിച്ച് ആദ്യമെത്തുന്ന നാലുവള്ളം ഫൈനൽ പോരാട്ടത്തിനിറങ്ങും. മികച്ച സമയംകുറിക്കുന്ന ഒമ്പത് ചുണ്ടൻവള്ളങ്ങൾ അടുത്തവർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കാൻ യോഗ്യത നേടും.
പുന്നമട സജ്ജം
നെഹ്റുട്രോഫി ജലമേള കാണാനെത്തുന്നവർക്ക് മികച്ച സൗകര്യം ഒരുക്കാൻ നെഹ്റു പവലിയന്റെയും താൽക്കാലിക ഗാലറികളുടെയും നിർമാണം പൂർത്തീകരണ ഘട്ടത്തിൽ. കുറ്റമറ്റ നിലയിൽ യന്ത്രവൽകൃത സ്റ്റാർട്ടിങ് സംവിധാനവും ഫോട്ടോ ഫിനിഷിങ് സംവിധാനവും സജ്ജമാണ്.വള്ളംകളി കാണാനെത്തുന്നവർക്കായി കൂടുതൽ ബോട്ടുകളും ബസുകളും ഏർപ്പെടുത്തി. അയൽ ജില്ലകളിലെ കെഎസ്ആർടിസി ഡിപ്പോകളിൽനിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകിട്ട് തിരികെയും പ്രത്യേക സർവീസു
ണ്ടാകും.
പ്രവേശനം പാസുള്ളവർക്ക്
പാസുള്ളവർക്കു മാത്രമാണ് വള്ളംകളി കാണാൻ ഗാലറികളിലേക്ക് പ്രവേശനം. ഇതിനായി ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.















