തിരുവനന്തപുരം
കേരളത്തിലെത്തി വികസന വായ്ത്താരി മുഴക്കിയ പ്രധാനമന്ത്രിക്ക് സംസ്ഥാനം മുന്നോട്ടുവച്ച ആവശ്യങ്ങളെക്കുറിച്ച് മിണ്ടാട്ടമില്ല. അടിസ്ഥാന സൗകര്യവും സാമൂഹ്യസുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് കേന്ദ്രതീരുമാനം കാത്തുകിടക്കുന്നത്. ഇവയ്ക്ക് തീർപ്പുണ്ടാക്കാതെയാണ് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി വികസനത്തെക്കുറിച്ച് വാചാലനായത്. എന്നാൽ, സിൽവർലൈൻ അനുമതി അടക്കമുള്ളവയെപ്പറ്റി ഒരക്ഷരം പറഞ്ഞില്ല. അർഹമായ വിഹിതവും സംസ്ഥാനത്തിന്റെ വൻകിട പദ്ധതികളും തഴഞ്ഞു. കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരത്തെ തുടർന്നാണ് സിൽവർലൈൻ പദ്ധതിയിൽ നിക്ഷേപപൂർവ പ്രവർത്തനം തുടങ്ങിയത്. ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങാമെന്ന് ധനമന്ത്രാലയവും വ്യക്തമാക്കി. ഇതും മറ്റു ക്ലിയറൻസുകളും വേഗത്തിലാക്കാൻ കേന്ദ്ര ധനമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. വിശദ പദ്ധതിരേഖ റെയിൽവേ ബോർഡ് അംഗീകരിച്ചു. സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി പദ്ധതി ശുപാർശ ചെയ്തു. റെയിൽവേ മന്ത്രിക്കും ബോർഡ് ചെയർമാനും മുഖ്യമന്ത്രി കത്തയച്ചു. കേന്ദ്രമന്ത്രിയെ നേരിൽക്കണ്ടു. മാർച്ച് 24ന് പ്രധാനമന്ത്രിയെ കണ്ട് പദ്ധതി വിശദീകരിച്ചു. പ്രത്യേക നിവേദനവും നൽകി.
കേന്ദ്രം കേരളത്തെ സാമ്പത്തികമായും ഞെരുക്കുന്നു. ഈവർഷം 7000 കോടി രൂപയുടെ റവന്യു കമ്മി ഗ്രാന്റ് കുറച്ചു. 12,000 കോടിയോളം ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാതാക്കി. വായ്പാ പരിധി 3.5 ശതമാനമാക്കി. കിഫ്ബി, പെൻഷൻ കമ്പനി എന്നിവയ്ക്കുള്ള സർക്കാർ ഗ്യാരന്റിയുടെ പേരിൽ ഈവർഷം 3,578 കോടി കടമെടുപ്പ് പരിധിയിൽ കുറച്ചു. ഇവയിലൂടെ 23,000 കോടി ഈവർഷം വരുമാനത്തിൽ കുറയും. ക്ഷേമ, ഭവന, വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികളെല്ലാം അവതാളത്തിലാകും.
കെ ഫോണിന് സഹായം, പിഎംഎവൈ ഗ്രാമ, നഗര പദ്ധതി വിഹിതം ഉയർത്തൽ, 590 കിലോമീറ്റർ വരുന്ന തീര സംരക്ഷണം, മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മണ്ണെണ്ണ ഉറപ്പാക്കൽ, ദേശീയപാതയടക്കം ഗതാഗത സൗകര്യം ഉയർത്തൽ, തൊഴിലുറപ്പ്, പ്രവാസി പ്രശ്നങ്ങൾ, പരിസ്ഥിത ലോലമേഖല പ്രതിസന്ധി തുടങ്ങിയവയിലൊന്നും കേരളത്തിന്റെ ആവശ്യങ്ങൾക്ക് കേന്ദ്രം ചെവി കൊടുക്കുന്നില്ല. ഇതെല്ലാം നിൽക്കുമ്പോഴാണ് ലക്ഷം കോടിയുടെ പ്രഖ്യാപന നാടകം.