തിരുവനന്തപുരം
ജനങ്ങളെ ഭരിക്കാനല്ല സേവിക്കാനാണ് സർക്കാർ. തദ്ദേശ മന്ത്രിയായതുമുതൽ എം വി ഗോവിന്ദൻ ഉദ്യോഗസ്ഥരെ ഓർമിപ്പിക്കുന്ന വാക്കാണിത്. പാവങ്ങൾക്കിടയിലേക്ക് ഉദ്യോഗസ്ഥർ ഇറങ്ങിച്ചെല്ലണം. അവരുടെ ആവശ്യം കേൾക്കണം. ചെയ്യാവുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടു. ഉന്നതതലംമുതൽ പഞ്ചായത്ത് സെക്രട്ടറിവരെ ആ വാക്കിന്റെ മൂർച്ചയറിഞ്ഞു. മന്ത്രി വിളിക്കുന്ന യോഗത്തിന് പോകുമ്പോൾ ചില ഉദ്യോഗസ്ഥർ സഹപ്രവർത്തകരോട് പറയും ‘മാഷുടെ ക്ലാസുണ്ട്, പോയിട്ടുവരാം’. യോഗം കഴിഞ്ഞാൽ ഇവർക്കെല്ലാം വെപ്രാളമാണ്. അമ്പതിനായിരത്തോളം പതിനായിരത്തോളം എന്ന കണക്ക് മാഷിന് വേണ്ട. ‘ഓളവും തീരവും ഒന്നും വേണ്ട, കൃത്യം കണക്കെത്ര’ മാഷ് ചോദിക്കും. പിന്നെപ്പിന്നെ എല്ലാ യോഗത്തിലും കൃത്യമായ കണക്കെത്തി. ഈ ജാഗ്രതയാണ് രാജ്യത്തെ മറ്റ് ഒരു സംസ്ഥാനത്തിനും സാധിക്കാത്ത ഉയരത്തിലേക്ക് തദ്ദേശവകുപ്പിനെ എത്തിച്ചത്. അഞ്ച് വകുപ്പിലായി ചിതറിക്കിടന്ന തദ്ദേശ ഭരണത്തെ ഒരുകുടക്കീഴിലാക്കി ഏകീകൃത തദ്ദേശ ഭരണവകുപ്പാക്കി. അതിദരിദ്രരില്ലാത്ത നാടാക്കാനുള്ള ലക്ഷ്യത്തിലേക്ക് അതിവേഗം സംസ്ഥാനം നടന്നുകയറുന്നു.
തദ്ദേശസേവനം ഓൺലൈനാക്കുന്ന ഐഎൽജിഎംഎസ് നടപ്പാക്കി. 1000 ജനസംഖ്യയിൽ അഞ്ച് പേർക്ക് തൊഴിൽ സൃഷ്ടിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു. വീട്ടമ്മമാരായി ഒതുങ്ങിപ്പോയ അഭ്യസ്തവിദ്യർക്കായി കുടുംബശ്രീ യുവതീ ഓക്സിലറി ഗ്രൂപ്പ് ആരംഭിച്ചു. ലൈഫ് വീടിനൊപ്പം ഭൂരഹിതർക്കായി “മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനും തുടങ്ങി. എക്സൈസ് വകുപ്പിൽ മദ്യം വാങ്ങാൻ ക്യൂനിൽക്കുന്ന രീതി അവസാനിപ്പിക്കാനും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം പുതുതലമുറയിൽ ഇല്ലാതാക്കാനുമുള്ള പ്രചാരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചാണ് പാർടി ഏൽപ്പിച്ച പുതിയ ചുമതലയ്ക്കായി മന്ത്രിസ്ഥാനം എം വി ഗോവിന്ദൻ ഒഴിയുന്നത്. ‘ബി പോസിറ്റീവ് എന്ന് എപ്പോഴും പറയുന്ന മാഷ് മന്ത്രിയല്ലാതാകുന്ന കാര്യം പോസിറ്റീവായി കാണാനാകുന്നില്ല’. എന്നാണ് കഴിഞ്ഞദിവസം തദ്ദേശ ഭരണലോഗോ പ്രകാശിപ്പിക്കലിൽ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞത്. സീനിയർ ഐഎഎസ് ഉദ്യോഗസ്ഥയുടെ ഈ വാക്കാണ് തദ്ദേശ, എക്സൈസ് വകുപ്പിലെ മുഴുവൻ ജീവനക്കാർക്കും പറയാനുള്ളത്.