തിരുവനന്തപുരം
അടിസ്ഥാനവിഷയങ്ങളും ആവശ്യങ്ങളും അവഗണിച്ചാണ് കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും കേരള വികസനത്തിൽ അവകാശവാദങ്ങൾ ഉയർത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഈവർഷം കേരളം 10.32 കോടി തൊഴിൽദിനം ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചത് ആറു കോടി. അതിലേറെ തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്ന സംസ്ഥാനത്തോടാണ് അവഗണന. കഴിഞ്ഞവർഷം 10 കോടി തൊഴിൽദിനം അനുവദിച്ചു. സൃഷ്ടിച്ചത് 10.59 കോടി. 16.45 ലക്ഷം കുടുംബത്തിന് തൊഴിലുറപ്പാക്കി.
കേരളത്തിന്റെ സ്വത്ത്
വിറ്റുതുലയ്ക്കുന്നു
കേരളത്തിന്റെ മണ്ണും മനസ്സും അധ്വാനവും കൊടുത്തുവളർത്തിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കേന്ദ്രം വിറ്റ്തുലയ്ക്കുകയാണ്. എച്ച്എൽഎല്ലിനെ കച്ചവടം ഉറപ്പിച്ച് മാർക്കറ്റിൽ വച്ചു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറി. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ്, ബിഎച്ച്ഇഎൽ–-ഇഎംഎൽ എന്നിവ വിൽക്കാൻവച്ചെങ്കിലും കേരളം സ്വന്തമാക്കി. എച്ച്എൽഎല്ലിൽ ഇതിനുള്ള അവസരവും നിഷേധിക്കുന്നു.
പ്രവാസിക്ക് വിമാനമില്ല
വിമാന യാത്രാനിരക്ക് വർധന നിയന്ത്രിക്കാൻ സർവീസുകളും സീറ്റുകളും വർധിപ്പിക്കണമെന്ന നിരന്തര ആവശ്യത്തിനും ചെവികൊടുക്കുന്നില്ല. യാത്രാനിരക്ക് നിർണയാധികാരം വിമാന കമ്പനികൾക്ക് വിട്ടുനൽകി കൈയുംകെട്ടിനിൽക്കുകയാണ് വ്യോമയാന മന്ത്രാലയം
ഉഡാൻ ഇനിയുമില്ല
ഉഡാൻ പദ്ധതിയിൽ ബേക്കൽ–-കണ്ണൂർ, ഇടുക്കി–-തിരുവനന്തപുരം, ഇടുക്കി–-കൊച്ചി റൂട്ടുകൾ വ്യോമയാന മന്ത്രാലയത്തോട് നിരന്തരം ആവശ്യപ്പെട്ടിട്ടും മറുപടിയില്ല. വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് അത്യാവശ്യ പദ്ധതിയാണിത്.
സർഫാസി കൊലക്കയർ
വായ്പ തിരിച്ചടവിൽ മുടക്കംവരുന്ന സാഹചര്യത്തിൽ വസ്തുക്കൾ ബാങ്കുകൾ പിടിച്ചെടുക്കുന്ന സർഫാസി നിയമത്തിന്റെ പരിധിയിൽനിന്ന് അതിദരിദ്രരെ ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കുന്നില്ല. അഞ്ചു സെന്റിൽ താഴെ കിടപ്പാടം ജാമ്യമായി നൽകുമ്പോൾ ഉണ്ടാകുന്ന ബാധ്യതയ്ക്ക് സർഫാസി നിയമ വ്യവസ്ഥ ബാധകമാക്കരുതെന്നാണ് ആവശ്യപ്പെട്ടത്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിൽ പ്രതികരിക്കാൻപോലും തയ്യാറായില്ല.
സഹകരണ സംഘങ്ങളെ തകർക്കുന്നു
സംസ്ഥാനത്തിന്റെ ബദൽ സാമ്പത്തിക സങ്കേതമായ സഹകരണ മേഖലയെ തകർക്കുന്ന നയങ്ങളാണ് കേന്ദ്രം അടിച്ചേൽപ്പിക്കുന്നത്. ഇതിന് ഇഡിയെയും ആർബിഐയെയും ദുരുപയോഗം ചെയ്യുന്നു. അംഗങ്ങളെ ഭയപ്പെടുത്തി സഹകരണ നിക്ഷേപം ഇല്ലാതാക്കാനാണ് ശ്രമം. പ്രാഥമിക കാർഷിക സംഘങ്ങൾക്ക് ബാങ്കിങ് ബിസിനസ് പാടില്ലെന്ന് പറഞ്ഞ് ആദായനികുതി ഈടാക്കാൻ നോട്ടീസ് നൽകുന്നു. ഉറവിടത്തിൽ ആദായനികുതി വ്യവസ്ഥ അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നു.