ന്യൂഡൽഹി
കല്യാൺ ചൗബേ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ്. മുൻ ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈചുങ് ബൂട്ടിയയെ തോൽപ്പിച്ചു. ആകെ മുപ്പത്തിനാലിൽ 33 വോട്ടും ഗോൾകീപ്പറായിരുന്ന ചൗബേ നേടി. ബംഗാളിലെ ബിജെപി നേതാവുകൂടിയാണ് നാൽപ്പത്തഞ്ചുകാരൻ. ചരിത്രത്തിലാദ്യമായാണ് ഫെഡറേഷന്റെ തലപ്പത്ത് ഒരു മുൻതാരം എത്തുന്നത്.
കാസർകോട് സ്വദേശി എൻ എ ഹാരിസാണ് വൈസ് പ്രസിഡന്റ്. കിപാ അജയിനെ ട്രഷററായും തെരഞ്ഞെടുത്തു. നിർവാഹകസമിതിയിലേക്ക് മത്സരമുണ്ടായില്ല.
സംസ്ഥാന–-കേന്ദ്രഭരണ അസോസിയേഷനുകളുടെ 34 പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. പ്രസിഡന്റ് സ്ഥാനത്തേക്ക് അനായാസമായിരുന്നു ചൗബേയുടെ വിജയം. ആന്ധ്ര, രാജസ്ഥാൻ അസോസിയേഷനുകളായിരുന്നു ബൂട്ടിയയുടെ സ്ഥാനാർഥിത്വത്തെ പിന്തുണച്ചത്. ഈ രണ്ട് വോട്ടുപോലും ഉറപ്പിക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റനായില്ല. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഇടപെടൽ നടക്കുന്നുവെന്ന് ബൂട്ടിയ ആരോപിച്ചിരുന്നു.
1999 മുതൽ 2006 വരെ ഇന്ത്യൻ ഗോൾകീപ്പറായിരുന്നു ചൗബേ. കൊൽക്കത്തൻ കരുത്തരായ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ടീമുകളുടെ ഗോൾവല കാത്തു. 1998ലും 2002ലും രാജ്യത്തെ മികച്ച ഗോൾകീപ്പർ പുരസ്കാരവും സ്വന്തമാക്കി. 2015ൽ ബിജെപിയിൽ ചേർന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും തോറ്റു.
കർണാടക അസോസിയേഷൻ പ്രസിഡന്റും കോൺഗ്രസ് എംഎൽഎയുമാണ് ഹാരിസ്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ അസോസിയേഷൻ തലവൻ മൻവേന്ദ്ര സിങ്ങിനെ 29–-5ന് തോൽപ്പിച്ചു. ആന്ധ്രയുടെ ഗോപാലകൃഷ്ണ കൊസരാജുവിനെ 32–-1നാണ് കിപാ അജയ് മറികടന്നത്. നിർവാഹകസമിതിയിലേക്ക് 14 പേരിൽ കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി അനിൽകുമാറും ഉൾപ്പെടും. പ്രസിഡന്റ് സ്ഥാനത്തേക്ക് തോറ്റെങ്കിലും ബൂട്ടിയ ഉൾപ്പെടെ ആറ് മുൻ കളിക്കാരെ നിർവാഹകസമിതിയിലേക്ക് നാമനിർദേശം ചെയ്തു. ഐ എം വിജയനും അംഗമാണ്. ഇവരിൽ രണ്ടുപേർ വനിതകളാണ്.
പ്രഫുൽ പട്ടേലായിരുന്നു ഫെഡറേഷൻ മുൻ തലവൻ. കാലാവധി കഴിഞ്ഞിട്ടും പട്ടേൽ തുടർന്നതിനാൽ സുപ്രീംകോടതി ഇടപെട്ടു. ഫെഡറേഷന്റെ ദെെനംദിന പ്രവർത്തനങ്ങൾക്കായി താൽക്കാലിക ഭരണസമിതിയെയും നിയോഗിച്ചു. എന്നാൽ ബാഹ്യ ഇടപെടൽ നടന്നുവെന്ന കാരണത്താൽ ഫി-ഫ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ വിലക്കി. വിലക്ക് മാറ്റാനായി താൽക്കാലിക ഭരണസമിതിയെ കോടതി പിരിച്ചുവിട്ടു. തുടർന്ന് വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടുകയായിരുന്നു.