തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ ‘ലൈഫ്’ കേന്ദ്ര പദ്ധതിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം വസ്തുതകൾക്ക് നിരക്കാത്തത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി കേരളത്തിൽ രണ്ട് ലക്ഷത്തോളം വീട് നിർമിക്കുകയാണെന്നും ഒരു ലക്ഷത്തോളം പൂർത്തിയായെന്നുമാണ് കൊച്ചിയിൽ പ്രധാനമന്ത്രി പ്രസംഗിച്ചത്. എന്നാൽ തുച്ഛമായ വിഹിതം മാത്രം കിട്ടുന്ന പദ്ധതികളെ ലൈഫ് പദ്ധതിയുമായി സംയോജിപ്പിച്ച് സംസ്ഥാന സർക്കാരാണ് പൂർത്തിയാക്കിയത്.
കേന്ദ്രത്തിന്റെ
പിഎംഎവൈ
പ്രധാനമന്ത്രി ആവാസ് യോജന(പിഎംഎവൈ)- ഗ്രാമീൺ പദ്ധതിയിൽ വഴി ഒരു വീടിന് ആകെ ചെലവ് നിശ്ചയിച്ചത് 1.2 ലക്ഷം രൂപയാണ്. ഇതിൽ കേന്ദ്രവിഹിതം വെറും 72 ,000 രൂപ. ബാക്കി നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. പിഎംഎവൈ അർബൻ പദ്ധതിയിൽ മൂന്ന് ലക്ഷം രൂപ കണക്കാക്കിയതിൽ കേന്ദ്രം നൽകുന്നത് ഒന്നര ലക്ഷം. ഒരു ലക്ഷം സംസ്ഥാന സർക്കാരും അര ലക്ഷം ഉപയോക്താവും കണ്ടെത്തണം. ഒറ്റമുറി വീടാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നത്.
കേരളത്തിന്റെ ‘ലൈഫ്’
ലൈഫ് പദ്ധതിയിൽ 3,00,598 ലക്ഷം വീടുകൾ പൂർത്തിയായി. 25,664 എണ്ണം നിർമാണത്തിലാണ്. ഇതിന് ഗുണഭോക്തൃവിഹിതം ഇല്ല. ലൈഫ് പദ്ധതിയുടെ ഭാഗമായാണ് കേരളത്തിൽ പിഎംഎവൈ പദ്ധതിയും നടപ്പാക്കുന്നത്. ലൈഫ് പിഎംഎവൈ റൂറൽ, ലൈഫ് പിഎംഎവൈ അർബൻ എന്നീ പേരുകളിലാണിവ. എന്നാൽ ഇതിന് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി നാല് ലക്ഷം രൂപയാണ് നൽകുന്നത്. കേന്ദ്രവിഹിതം കിഴിച്ചുള്ള ബാക്കി തുക കേരള സർക്കാരാണ് നൽകുന്നത്.